തളിപ്പറമ്പ്: മനോരോഗിയാണെന്നാരോപിച്ച് മധ്യവയസ്‌കനെ കൈകാലുകള്‍ ബന്ധിച്ച് പരിയാരം മെഡിക്കല്‍ കോളേജിന് സമീപത്തെ കടവരാന്തയില്‍ ഉപേക്ഷിച്ചു. ബന്ധുക്കളാണ് തന്നെ ഈ ക്രൂരതക്കിരയാക്കിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. നാദാപുരം കല്ലാച്ചി പയന്തോട് സ്വദേശി ചെറിയ കോയയെ(45)യാണ് ഇന്നലെ രാവിലെ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കടവരാന്തയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. പോലീസെത്തി ഇയാളെ സ്റ്റേഷനിലെത്തിച്ചു. രോഗബാധിതനായതിനെ തുടര്‍ന്ന് മൂന്നുമാസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തന്നെ ബന്ധുക്കള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഇഷ്ടികക്കളത്തിലുണ്ടായിരുന്ന ജോലി ബന്ധുക്കള്‍ ഇല്ലാതാക്കിയെന്നും തന്റെ പേരിലുള്ള സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ മനോരോഗിയായി ചിത്രീകരിക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പരിയാരം പോലീസ് അന്വേഷണം നടത്തിവരികയാണ്.
















