നിലമ്പൂർ: മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്റെ നേതൃത്വത്തില്‍ പുതിയ ദളം രൂപീകരിച്ചതായി രഹസ്യാന്വോഷണ വിഭാഗത്തിന് സൂചന ലഭിച്ചു. വരാഹിണി എന്ന് പേരിട്ടിരിക്കുന്ന പുതിയ ദളത്തില്‍ എട്ടു പേരാണുള്ളത്. വയനാട് വന്യജീവി സങ്കേതവും, തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതവും, കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതവും കേന്ദ്രീകരിച്ചാണ് വരാഹിണി ദളത്തിന്റെ പ്രവർത്തനം.
മൂന്നു ദളങ്ങളുണ്ടായിരുന്ന സിപിഐ മാവോയിസ്റ്റിന് വരാഹിണി കൂടി രൂപീകരിച്ചതോടെ നാലു ദളങ്ങളായി. വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങൾ ചേർന്ന കബനി ദളം, നിലമ്പൂർ, തമിഴ്നാട്ടിലെ ഗൂഡല്ലൂർ എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന നാടുകാണി ദളം, അട്ടപ്പാടി, പാലക്കാട്, കോയമ്പത്തൂർ മേഖലകളടങ്ങിയ ഭവാനി ദളം എന്നിവയാണ് നിലവിലുള്ള ദളങ്ങൾ.
വരാഹിണി ദളം മാവോയിസ്റ്റുകളുടെ സ്വപ്ന പദ്ധതിയായിരുന്നുവെന്ന് രഹസ്യാന്വോഷണ വിഭാഗത്തിന് സൂചന ലഭിച്ചു. കാരണം, മൂന്ന് സംസ്ഥാനങ്ങളും ഒരുമിച്ച് വേഗത്തിൽ പോലീസ് നടപടിയോ, അല്ലെങ്കിൽ തെരച്ചിലോ നടത്താനുള്ള സാധ്യത കുറവാണ്. ഇത് പരമാവധി മുതലെടുക്കുകയെന്ന ലക്ഷ്യവും വരാഹണി ദളത്തിന് പിന്നിലുണ്ട്.
















