കോഴിക്കോട്: ബിജെപി വളരുകയാണെന്ന് സംസാരിച്ചതിന്റെ പേരില്‍ ഖമറുന്നിസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത് ചെറിയ നടപടി മാത്രമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. അതൊരു സാധാരണ നടപടിക്രമമാണ്. ഖമറുന്നിസ അന്‍വറിനോട് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
അവര്‍ മറുപടിയും തന്നു. ഇങ്ങനെ സംസാരിച്ച ഒരാള്‍ സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് ഇരിക്കണ്ട എന്നു പാര്‍ട്ടി തീരുമാനിച്ചു. വനിതാ ലീഗ് ഉള്‍പ്പെടെയുള്ള പോഷക സംഘടനകളില്‍ പുതിയ കമ്മിറ്റികള്‍ വരാന്‍ പോകുകയാണ്. ഇതിനിടയില്‍ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ അവരെ സ്ഥാനത്ത് നിന്ന് മാറ്റി എന്ന് മാത്രം. അവരെ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ല.
ബിജെപിയെ വളര്‍ത്തുന്ന ഒരു നടപടിയും അംഗീകരിക്കില്ല. അത് ആണായാലും പെണ്ണായാലും ഏത് പ്രായക്കാരായാലും അനുവദിക്കാനാവില്ല. നേരത്തെ ഡോ.എം.കെ. മുനീര്‍, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സമാനമായ സംഭവങ്ങളില്‍ ഉള്‍പ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത് പോലെ മറ്റ് പാര്‍ട്ടിക്കാരായ പലരും ചെന്നു പെട്ടിട്ടുണ്ടായിരുന്നുവെന്നായിരുന്നു മറുപടി. ബിജെപിക്കെതിരായ നിലപാട് സംബന്ധിച്ച് പാര്‍ട്ടിക്ക് യാതൊരു ചാഞ്ചല്ല്യവുമിെല്ലന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മാണി: ലീഗ് നിലപാട് ഇന്ന്
കോഴിക്കോട്: കെ.എം. മാണിയോടുള്ള ലീഗിന്റെ നിലപാട് ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ അറിയിക്കുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. എന്നാല്‍ അത് പരസ്യമായി പറഞ്ഞ് പ്രശ്‌നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
















