കണ്ണൂര്‍: ഇടൂഴി ഇല്ലം ആയുര്‍വേദ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, മയ്യിലിന്റെ നേതൃത്വത്തില്‍ കേരളസ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡുമായി സഹകരിച്ചുകൊണ്ട് ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. ജെയിംസ് മാത്യു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കേരളസ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് സി.ഇ.ഒ ഇന്‍ചാര്‍ജ്ജ് കെ. രാധാകൃഷ്ണന്‍ വൃക്ഷായുര്‍വേദം 2017 ന്റെ ലോഗോ പ്രകാശനം ചെയ്തു. ഡോ.ഐ. ഭവദാസന്‍ നമ്പൂതിരി, പി. ബാലന്‍, വി.വി.ബാലകൃഷ്ണന്‍, സോമന്‍, വി.ഒ. പ്രഭാകരന്‍, ഇ.മുകുന്ദന്‍, ഡോ.കെ.രാജഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഔഷധ സസ്യകൃഷിയുടെ വിവിധ പ്രായോഗിക വശങ്ങളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിച്ചു. ചടങ്ങില്‍ മലയന്‍ കുനി ദാമോദരന്‍, മലയന്‍ കുനി രാജന്‍, അനില്‍ ഒഡേസ, ചന്ദ്രശേഖരന്‍ കോറളായി എന്നിവരെ ആദരിച്ചു.
















