കുന്നത്തൂര്‍: അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട വനിതാ പഞ്ചായത്തംഗത്തെയും ഭര്‍ത്താവിനേയും സമീപവാസികളായ സ്ത്രീകള്‍ വീട് കയറി മര്‍ദിച്ചതായി പരാതി. ശൂരനാട് തെക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും പതിമൂന്നാം വാര്‍ഡംഗവുമായ സ്‌നേഹാലയത്തില്‍ ദീപയ്‌ക്കും ഇവരുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനുമാണ് മര്‍ദനമേറ്റത്. ഇന്നലെ രാവിലെ വടികളുമായെത്തിയ മൂന്നംഗ വനിതാസംഘം ആദ്യം പഞ്ചായത്തംഗത്തേയും പിന്നീട് തടയാന്‍ ശ്രമിച്ച ഇവരുടെ ഭര്‍ത്താവിനെയും മര്‍ദ്ദിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. പഞ്ചായത്തംഗത്തിന്റെ മൂക്കിന് സാരമായ പരിക്കേറ്റു. ഇവര്‍ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. അക്രമം നടത്തിയ വനിതകള്‍ ഇവിടുത്തെ സ്ഥിരം പ്രശ്‌നക്കാരാണെന്ന് പറയപ്പെടുന്നു. കഴിഞ്ഞദിവസം ഈ സംഘത്തിന്റെ ആക്രമത്തില്‍ സമീപവാസിയായ വീട്ടമ്മയുടെ തലയ്‌ക്ക് പരിക്കേറ്റിരുന്നു. വനിതാ പഞ്ചായത്തംഗം ഇടപെട്ടാണ് അന്ന് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതിന്റെ വൈരാഗ്യമാണ് തന്നെയും ആക്രമിക്കാന്‍ കാരണമെന്ന് പഞ്ചായത്തംഗം ആരോപിച്ചു. ശൂരനാട് പോലീസില്‍ പരാതി നല്‍കി.
















