ഇരിട്ടി: മണ്‍തിട്ടയില്‍ നിന്നും വയോധികന്‍ വീണ് മരിച്ച സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ വള്ളിത്തോട് കുന്നോത്ത് പറമ്പിലെ അറുകാട്ടില്‍ വിനോദ് (വിനു50)നെ സഹോദരിയുടെ വീടിന് സമീപം മണ്‍തിട്ടയില്‍ നിന്ന് വീണ് മരിച്ചതായി കണ്ടെത്തിയിരുന്നു. മരണം സ്വാഭാവികമായി സംഭവിച്ചതാണെന്ന് കരുതി പോലീസ് പരിയാരം മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ സര്‍ജന്‍ ഡോ.ഗോപാലകൃഷ്ണപിള്ള ചില സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അഞ്ച് പേരെ ചോദ്യം ചെയ്തു. പോലീസ് ഫോറന്‍സിക് സര്‍ജന്‍ ഗോപാലകൃഷ്ണ പിള്ളയെ സ്ഥലത്ത് കൊണ്ടുവന്ന് മരിച്ചയാളുടെ തലക്കും, കഴുത്തിലും ഉണ്ടായ മുറിവും ക്ഷതവും വീഴ്ച കൊണ്ട് ഉണ്ടായതാണോയെന്ന് അന്വേഷണ സംഘം വിലയിരുത്തിയ ശേഷമാകും തുടര്‍നടപടിയെന്നറിയുന്നു. ഇതിനിടയില്‍ തന്നെ പോലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
















