ചെറുപുഴ: പയ്യന്നൂര്‍ മേഖലയിലെ സ്വകാര്യ ബസ്സ് ജീവനക്കാരനായ ചൂരലിലെ പി.വിജയന്റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബത്തെ സഹായിക്കുന്നതിനായി പയ്യന്നൂരില്‍ നിന്നും കിഴക്കോട്ട് സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ സ്വകാര്യ ബസുകളും ചെറുപുഴയില്‍ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളും കാരുണ്യയാത്ര നടത്തി മാത്യകയായി. മുപ്പത്തിമൂന്ന് ബസിലെ ജീവനക്കാരും ഉടമകളും യാത്രക്കാരുമാണ് യാത്ര നടത്തുന്നത്. പാന്‍ക്രിയാസ് ഗ്രന്ഥികളില്‍ നിന്നും ഉള്ള രക്തസ്രാവത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വിജയന്‍ മരണപ്പെട്ടത്. ഏറെക്കാലത്തെ ജോലിക്കിടയില്‍ ഒരിക്കല്‍പ്പോലും ഒരാളോടും മോശമായി പെരുമാറാത്ത ജനകീയനായ വിജയന്റെ വിദ്യാര്‍ത്ഥിനികളായ രണ്ട് മക്കളടങ്ങുന്ന നിര്‍ധന കുടുംബത്തിന് പരമാവധി സഹായം നല്‍കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ബസ് ജീവനക്കാര്‍ ആദ്യര്‍ത്ഥിച്ചു. ടിക്കറ്റ് റാക്കിന് പകരം ബക്കറ്റുമായി ഇന്ന് കണ്ടക്ടര്‍മാര്‍ യാത്രക്കാരെ സമീപിക്കും. കുറഞ്ഞത് പത്ത് ലക്ഷം രൂപയെങ്കിലും സമാഹരിച്ച് നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷക്കുന്നതായി തൊഴിലാളികള്‍ അറിയിച്ചു.
















