കൊച്ചി: എറണാകുളം ടിഡി ക്ഷേത്ര ഭരണം പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിക്കാന്‍ മെയ് 14ന് അഖിലേന്ത്യാ സമ്മേളനം. ഗൗഡ സാരസ്വതര്‍ മട്ടാഞ്ചേരിയില്‍ സമ്മേളിച്ച് പ്രതിഷേധിക്കുമെന്ന് ക്ഷേത്രം മാനേജിംഗ് അധികാരി പി. രംഗദാസ പ്രഭു അറിയിച്ചു.
”മികച്ച രീതിയില്‍ സുതാര്യമായി നടക്കുന്ന ഭരണമാണ് ക്ഷേത്രത്തിന്റേത്. സ്വര്‍ണ്ണപ്പല്ലക്ക് നിര്‍മ്മാണവുമായി ഈ ഭരണ സമിതിക്ക് ബന്ധമൊന്നുമില്ല. ദേവസ്വം ബോര്‍ഡിന് സ്വര്‍ണ്ണപ്പല്ലക്കിന്റെ കാര്യത്തില്‍ ഒന്നും പറയാനുമാവില്ല. പല്ലക്ക് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചാലേ ദേവസ്വത്തിന്റേതാകൂ. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന നീക്കം തികച്ചും രാഷ്‌ട്രീയ ലക്ഷ്യം വെച്ചാണ്. ഇതിനെ ചെറുക്കും. അതിന് മുഴുവന്‍ സമുദായാംഗങ്ങളും വിശ്വാസികളും ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. ആരാധനാലയം കൈക്കലാക്കി സ്വത്തു കൈകാര്യം ചെയ്യാനും ക്ഷേത്ര സംസ്‌കാരത്തെ നശിപ്പിക്കാനുമുള്ള ശ്രമമാണിത്,” രംഗദാസ പ്രഭു ‘ജന്മഭൂമി’ യോടു പറഞ്ഞു.
















