മാവേലിക്കര: അംഗീകൃത മദ്യവില്‍പ്പനയ്‌ക്ക് പൂട്ട് വിണപ്പോള്‍ അത് മുതലാക്കാനായി താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ വന്‍തോതില്‍ വ്യാജമദ്യം ശേഖരിക്കുന്നതായി സൂചന. ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തില്‍ കണ്ണമംഗലം വില്ലേജിന്റെ വിവിധ ഭാഗങ്ങളിലാണ് വന്‍തോതില്‍ വ്യാജവാറ്റും വ്യാജ വിദേശമദ്യവും സജീവമാകുന്നത്. ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്നും വില കുറഞ്ഞ മദ്യം വാങ്ങി ഇതില്‍ പുകയില ഉല്‍പന്നങ്ങള്‍ ഇട്ട് തിളപ്പിച്ച വെള്ളം ചേര്‍ത്താണ് ചിലയിടങ്ങളില്‍ വില്‍പന നടത്തുന്നത്. ഇവിടങ്ങളില്‍ പരിശോധന നടത്താന്‍ എക്‌സൈസ് വകുപ്പ് തയാറാകുന്നില്ല. ഇത് സംബന്ധിച്ച് പ്രദേശവാസികള്‍ നേരത്തെ എക്‌സൈസ് കമ്മിഷണര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍അന്വേഷണങ്ങള്‍ നടക്കുന്നില്ല. ബിയര്‍ പാര്‍ലറുകളും വിദേശ മദ്യശാലകളും കള്ളുഷാപ്പുകളും അടഞ്ഞതോടെ വലിയ അളവിലാണ് പുകയില ഉല്‍പന്നങ്ങള്‍ ചേര്‍ത്ത വിദേശമദ്യം ലഭിക്കുന്നത്. ഇതോടൊപ്പം വ്യാജ വാറ്റും മിക്കയിടത്തും പുനരാരംഭിച്ചു. ഒരു കുപ്പിയ്‌ക്ക് 300 മുതല്‍ 400 രൂപ വരെയാണ് വില. കണ്ണമംഗലം വില്ലേജിന്റെ മിക്കയിടങ്ങളിലും ചെറുകിട വാറ്റ് സംഘങ്ങള്‍ സജീവമാണ്.
















