ചെന്നിത്തല: തഹസീല്‍ദാര്‍ ഒഴിപ്പിച്ച പൊതുവഴി സ്വകാര്യ വ്യക്തി വീണ്ടും കയ്യേറി മുള്ളുവേലി സ്ഥാപിച്ചു. ചെന്നിത്തല പുത്തന്‍കോട്ടയ്‌ക്കകത്ത് മണ്ണാരേത്ത് ഭാഗത്ത് സ്വകാര്യ വ്യക്തികള്‍ കയ്യേറിയിരുന്ന പൊതുവഴിയാണ് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മാവേലിക്കര തഹസീല്‍ദാരുടെ നിര്‍ദ്ദേശപ്രകാരം താലൂക്ക് സര്‍വെയര്‍ ഒഴിപ്പിച്ചത്. രേഖകള്‍ പ്രകാരം അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടു തിരിച്ചിനു ശേഷമാണ് സര്‍വെയര്‍ മടങ്ങിയത്.
എന്നാല്‍ കയ്യേറിയ വ്യക്തികളില്‍ ഒരാളായ കോയിക്കലേത്ത് വീട്ടില്‍ രാജേഷ്‌കുമാര്‍ സര്‍വെയര്‍ ഇട്ട കല്ല് പിഴുതു കളഞ്ഞ്, പരാതിക്കാരില്‍ ഒരാളായ മണ്ണാരേത്ത് വിജയമ്മയുടെ വീടിന്റെ മുള്ളുവേലി മുറിച്ചെടുത്ത് ഇവിടെ വേലികെട്ടി. ഇതു സംബന്ധിച്ച് വിജയമ്മയും വഴി ഉപയോഗിക്കുന്ന നാട്ടുകാരും തഹസീല്‍ദാര്‍ക്ക് വീണ്ടും പരാതി നല്‍കി.
വിജയമ്മയുടെ കുടുംബം ഉള്‍പ്പെടെ ഏഴു വീട്ടുകാരാണ് ഈ വഴി ഉപയോഗിക്കുന്നത്. 2.4 മീറ്റര്‍ പൊതു വഴിയാണുള്ളത്. ഇതാണ് മൂന്ന് സ്വകാര്യ വ്യക്തികള്‍ ചേര്‍ന്ന് കെട്ടി അടച്ചത്.
തഹസീല്‍ദാരുടെ നടപടിയെ തുടര്‍ന്ന് രണ്ടു വീട്ടുകാര്‍ കയ്യേറിയ ഭൂമി വീട്ടു നല്‍കി. തഹസീല്‍ദാര്‍ എടുത്ത തീരുമാനത്തെ പോലും രാജേഷ്‌കുമാര്‍ വെല്ലുവളിച്ചിരിക്കുകയാണ്. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ജനപ്രതിനിധികളെയും ഇയാള്‍ ഭീഷണിപ്പെടുത്തി.
പൊതുവഴി കയ്യേറിയതിനും ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തിയതിനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.എന്‍. നാരായണന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
















