പാലാ: വേനല്‍ അവധിയില്‍ ക്രിക്കറ്റും വോളിബോളുമൊക്കെയായി കുട്ടിക്കൂട്ടങ്ങള്‍ അടിച്ചുപൊളിക്കുമ്പോള്‍ വേറിട്ടൊരു വഴി സ്വീകരിച്ചിരിക്കുകയാണ് മേലുകാവിലെ ലിബിനും കൂട്ടുകാരും. ലിബിന്റെ നേതൃത്വത്തില്‍ ഭക്തിഗാനമേള ട്രൂപ്പ് ഉണ്ടാക്കിയാണ് ഇവര്‍ വ്യത്യസ്തരായിരിക്കുന്നത്.
സംഗീതജ്ഞന്‍ മുട്ടം സുജിത്ത്കൃഷ്ണന്റെ നേതൃത്വത്തില്‍ ലിബിനും കൂട്ടുകാരായ അഭിരാം, വിനീത, അനുമോള്‍ എന്നിവരും സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഭക്തിഗാനമേള ട്രൂപ്പ് ഉണ്ടാക്കാമെന്ന ഒമ്പതാംക്ലാസുകാരന്‍ ലിബിന്റെ അഭിപ്രായത്തോട് സഹപാഠി കൂടിയായ അഭിരാമും പ്ലസ്‌വണ്ണില്‍ പഠിക്കുന്ന വിനീതയും പത്തില്‍ പഠിക്കുന്ന അനുമോളും കൂട്ടുചേരുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ അറുപതോളം ഭക്തിഗാനങ്ങള്‍ ഒരാഴ്ചകൊണ്ട് ഹൃദിസ്ഥമാക്കി.
വിഷുനാളില്‍, അത്യപൂര്‍വ്വ പ്രതിഷ്ഠയുള്ള ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ഭക്തിഗാനമേള അരങ്ങേറ്റത്തിന് ഒരുങ്ങുകയാണിവര്‍.
ഉമാമഹേശ്വരന്മാര്‍ക്കൊപ്പം സരസ്വതിദേവിയുടെയും നവഗ്രഹങ്ങളുടെയും ഗണപതി,അയ്യപ്പന്‍,സര്‍പ്പങ്ങള്‍ എന്നീ ദേവതകളുടെയും സാന്നിദ്ധ്യമുള്ളതിനാലാണ് അരങ്ങേറ്റത്തിന് കാവിന്‍പുറം ക്ഷേത്രാങ്കണം തെരഞ്ഞെടുത്തതെന്ന് ലിബിനും കൂട്ടുകാരും മാതാപിതാക്കളും പറഞ്ഞു.
















