തിരുവനന്തപുരം: കേരള സര്‍വ്വകലാശാല ഡിപ്പാര്‍ട്ടുമെന്റുകളില്‍ അധ്യാപകര്‍ കൃത്യമായി എത്തുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് വൈസ് ചാന്‍സിലര്‍ പ്രൊഫ.പി.കെ.രാധാകൃഷണന്‍ മിന്നല്‍ പരിശോധന നടത്തി. കാര്യവട്ടം ക്യാമ്പസിലെ ലോ കമ്യൂണിക്കേഷന്‍, മാനേജ്‌മെന്റ് സ്റ്റഡീസ്, ഹിന്ദി, അക്കാദമിക് സ്റ്റാഫ്‌കോളേജ് തുടങ്ങിയ വിഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. രാവിലെ 9.30 ന് വിസി എത്തുമ്പോള്‍ പല വിഭാഗങ്ങളുടെയും മേധാവിമാര്‍ ഓഫീസില്‍ എത്തിയിരുന്നില്ല. മിക്ക ക്ലാസ്സുകളിലും അധ്യാപകര്‍ ഇല്ലായിരുന്നു. കൃത്യ സമയത്ത് എത്താത്തവരോട് വിസി വിശദീകരണം ചോദിച്ചിട്ടുണ്ട്. കോളേജ് ബസ് കൃത്യസമയത്ത് എത്തുന്നില്ലെന്ന പരാതിയില്‍ ബസുകള്‍ 9.20 ന് എത്തുന്ന തരത്തിലേക്ക് ഷെഡ്യൂള്‍ ചെയ്യാനും വിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
















