തിരുവനന്തപുരം:സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം വരുന്നു.ചികിത്സ പിഴവ്, കൈക്കൂലി ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ആശുപത്രികളില്‍ വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന തരത്തില്‍ പരസ്യപ്പെടുത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി.ആശുപത്രി സൂപ്രണ്ടിന്റെ നമ്പറും നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം.
പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ താലൂക്ക് ആശുപത്രി അധികൃതര്‍ക്ക് വരെയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പൊതുജനങ്ങള്‍ക്കായി ഡോക്ടര്‍മാരുടെ ലഭ്യതാ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. സ്ഥാപനത്തില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഡോക്ടര്‍മാരുടെ എണ്ണം, ഡോക്ടര്‍മാരുടെ ഒഴിവുള്ള തസ്തികകളുടെ എണ്ണം ഓരോ ഡോക്ടറുടെയും ലഭ്യമായ കണ്‍സള്‍ട്ടേഷന്‍/ഓ പി സമയങ്ങള്‍ അല്ലെങ്കില്‍ ടൈം സ്ലോട്ടുകള്‍ എന്നിവയാണ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കേണ്ടത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് മരുന്ന് മുടങ്ങാതിരിക്കാന്‍ ആരോഗ്യ വകുപ്പ് അടിയന്തര മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മരുന്ന് വിതരണം വേഗത്തിലാക്കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടതിന് പുറമേ, ഏതെങ്കിലും മരുന്നുകള്‍ക്ക് ക്ഷാമം നേരിട്ടാല്‍ കാരുണ്യ ഫാര്‍മസികള്‍ വഴി ലോക്കല്‍ പര്‍ച്ചേസ് നടത്താന്‍ എല്ലാ സ്ഥാപന മേധാവികള്‍ക്കും നിര്‍ദേശം നല്‍കി.
















