ചിറയിന്‍കീഴ്: നിലയ്‌ക്കാമുക്കിലെ ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്താത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. സ്‌കൂളിനും പൊതുമാര്‍ക്കറ്റിനും സമീപത്ത് പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പനശാല പൂട്ടാത്തതിനാലാണ് നാട്ടുകാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം മദ്യവില്‍പ്പന ശാല പൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാര്‍ സമരം ചെയ്തു. ജീവനക്കാര്‍ എത്തിയെങ്കിലും പ്രതിഷേധക്കാര്‍ ഗേറ്റ് തുറക്കാന്‍ അനുവദിച്ചില്ല. സംസ്ഥാന സര്‍ക്കാരിന്റെ നയത്തെതുടര്‍ന്ന് സ്‌കൂളുകള്‍ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പനശാലകള്‍ പൂട്ടുകയാണ്. പൂട്ടുന്ന മദ്യശാലകളുടെ പട്ടികയില്‍ നിലയ്‌ക്കാമുക്ക് ബിവറേജസ് ഔട്ട്‌ലെറ്റും ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്.
സമരം വക്കം പഞ്ചായത്ത് പ്രസിഡന്റ് എസ്.വേണു ഉദ്ഘാടനം ചെയ്തു. മണനാക്ക് ഷിഹാബുദ്ദീന്‍ അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ എന്‍.ബിഷ്ണു, പ്രസന്ന, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബൈജു, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിജു, അജിത്ത്,സുനു, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
















