നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനലായ ടി3യുടെ സമ്പൂര്‍ണ ഓപ്പറേഷന്‍ 18 മുതല്‍ തുടങ്ങും. അന്നേദിവസം ഉച്ചയ്‌ക്ക് ഒരുമണി മുതല്‍ എല്ലാ രാജ്യാന്തര എയര്‍ലൈനുകളുടേയും ആഗമന, പുറപ്പെടല്‍ സര്‍വീസുകള്‍ ടി3 യില്‍ നിന്നാകും. 18 മുതല്‍ ടി3യിലേയ്‌ക്ക് മാറ്റാന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് സിയാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ടി3 യുടെ സുരക്ഷാച്ചുമതല വഹിക്കുന്ന സിഐഎസ്എഫിന് ഉദ്യോഗസ്ഥര്‍ 16 ഓടെ കൊച്ചിയില്‍ എത്തിച്ചേരും. എയര്‍ ഇന്ത്യയുടെ ദുബായ് ഡ്രീംലൈനര്‍ സര്‍വീസ് ഏപ്രില്‍ 18 രാവിലെ 9.20ന് ടി3യില്‍ നിന്ന് പുറപ്പെടും. ഇതേത്തുടര്‍ന്ന് മറ്റ് എയര്‍ലൈനുകളുടെ ചെക്ക്ഇന്‍ നടപടികള്‍ ടി3യിലേയ്‌ക്ക് മാറിത്തുടങ്ങും. ഉച്ചയ്‌ക്ക് ഒരുമണിയോടെ സമ്പൂര്‍ണമായും രാജ്യാന്തര സര്‍വീസുകള്‍ ടി3യിലേയ്‌ക്ക് മാറും.
15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണവും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമുള്ള സിയാല്‍ ടി 3 യില്‍ യാത്രക്കാര്‍ക്ക് പുതിയ യാത്രാനുഭവം സമ്മാനിക്കാനുള്ള എല്ലാ നടപടികളും സിയാലില്‍ പൂര്‍ത്തിയായി. എക്‌സിക്യൂട്ടീവ് ലോഞ്ച്, വിവിധ വിഭാഗങ്ങളിലായി അമ്പതോളം കടകള്‍, മെഡിക്കല്‍ സെന്റര്‍, കസ്റ്റംസ്, ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ എന്നിവയെല്ലാം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. സുരക്ഷാ ഭടന്‍മാരുടെ വിന്യാസംകൂടി പൂര്‍ത്തിയാകുന്നതോടെ ടി3 സമ്പൂര്‍ണ പ്രവര്‍ത്തനസജ്ജമാകും. നിലവില്‍ ഒരുലക്ഷം ചതുരശ്രയടി വിസ്തീര്‍ണമാണ് ആഭ്യന്തര ടെര്‍മിനലിനുള്ളത്.
















