കുട്ടനാട്: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി ഒരുവര്‍ഷത്തിനുള്ളില്‍ ലാഭകരമാക്കുമെന്നു ഗതാഗതമന്ത്രി തോമസ് ചാണ്ടി അറിയിച്ചു. വകുപ്പിനു ശമ്പളം, പെന്‍ഷന്‍ എന്നീ ഇനത്തില്‍ ആയിരക്കണക്കിനു രൂപയുടെ കുടിശികയുണ്ട്. നാലുദിവസം മന്ത്രിക്കസേരയലിരുന്നപ്പോള്‍ ഭാരിച്ച ഉത്തരവാദിത്വമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് മനസിലായി. 10000 രൂപയുടെ കളക്ഷന്‍ ഇല്ലാത്ത റൂട്ടുകള്‍ നിര്‍ത്തലാക്കാനുള്ള മുന്‍ തീരുമാനം നടപ്പാക്കില്ല. ജലഗതാഗത വകുപ്പിനു പുതിയ 14 ഫൈബര്‍ ബോട്ടുകള്‍ വാങ്ങും. ഇതിനായി 25.38 കോടി രൂപ അനുവദിച്ചു. മലിനീകരണവും ശബ്ദവും കുറഞ്ഞ, ആധുനിക സംവിധാനങ്ങളോടു കൂടിയ കറ്റാമറൈന്‍ ബോട്ടുകളാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. 20 മീറ്റര്‍ നീളവും ആറു മീറ്റര്‍ വീതിയുമുള്ള ബോട്ടുകളില്‍ ഒരേ സമയം നൂറുപേര്‍ക്കു യാത്ര ചെയ്യാനാകും. ആലപ്പുഴയിലെ ടൂറിസം വികസനത്തിനും, അത്യാവശ്യഘട്ടങ്ങളില്‍ ഉപയാഗിക്കുന്നതിനുമായി വാട്ടര്‍ ടാക്‌സികള്‍ ആരംഭിക്കും. പരീക്ഷണാര്‍ഥം ആദ്യം രണ്ടു വാട്ടര്‍ ടാക്‌സികളാണ് വാങ്ങുക. ഇതിനായി 76 ലക്ഷം രൂപവീതം അനുവദിച്ചു. നിലവില്‍ ഇന്ത്യയില്‍ ഗോവയില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. കായല്‍ മേഖലയിലും മറ്റും അത്യാവശ്യ ഘട്ടങ്ങളിലും ഇത് ഉപയോഗിക്കാം.
















