പത്തനംതിട്ട: ‘ആറന്മുളയുടെ നെറുവിലുയര്‍ത്തിയ
ഇതിഹാസോജ്ജ്വല പോരാട്ടം
ഇരുളിന്‍ നന്മനിലാവ് കൊളുത്തിയ
നിലക്കല്‍ കണ്ടൊരു നേതൃമുഖം
കുമ്മനം………………കുമ്മനം’
വേദിയില്‍ സ്വീകരണഗാനം മുഴങ്ങുന്നു. നിറഞ്ഞു കവിഞ്ഞ സദസ്സിന് മുന്നിലേക്ക് വിമോചനനായകനെത്താന്‍ ഇനിയും വൈകും. എത്ര വൈകിയാലും കുമ്മനമെന്ന ഒരൊറ്റ മന്ത്രം മതി അവരെ ആവേശത്തിലാക്കാന്‍. ആ മൂന്നക്ഷരം ആറന്മുളയും നിലയ്‌ക്കലും ഉള്‍പ്പെടുന്ന പത്തനംതിട്ടയ്‌ക്ക് ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന മന്ത്രമാണ്.
മൂന്ന് മണിക്കൂറോളം വൈകി യാത്രാനായകനെത്തുമ്പോള്‍ ഒരാള്‍ പോലും കൊഴിയാതിരുന്ന സദസ്സ് ഹൃദയബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു.
കുമ്മനമെന്ന സമരനായകന്റെ പോരാട്ടവീര്യം കാലത്തിന് സമ്മാനിച്ച പത്തനംതിട്ടയിലെ ഓരോ സ്വീകരണ കേന്ദ്രങ്ങളും ആവേശത്തിന്റെ അലകള്‍ ഉയര്‍ത്തിയാണ് വിമോചനയാത്രയെ വരവേറ്റത്. ഹൈന്ദവ ഏകീകരണത്തിന്റെ നാഴികക്കല്ലായ നിലക്കല്‍ പ്രക്ഷോഭത്തിന്റെയും ആറന്മുള പൈതൃകഗ്രാമത്തെ സംരക്ഷിക്കാന്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെയും നായകന് ആശംസയര്‍പ്പിക്കാന്‍ നാടൊന്നടങ്കമെത്തി.
കാര്‍ഷിക സംസ്‌കൃതിയുടെ പ്രതീകങ്ങളുമായാണ് യാത്രാനയകനെ അവര്‍ സ്വീകരിച്ചത്.
എന്റെ പ്രസംഗം നിങ്ങള്‍ കേട്ടുമടുത്തതാണല്ലോയെന്ന് പറഞ്ഞായിരുന്നു കുമ്മനം സംസാരിച്ചു തുടങ്ങിയത്. ആറന്മുള വിമാനത്താവളം അടഞ്ഞ അധ്യായമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധമായി ലഭിച്ച അനുമതികള്‍ റദ്ദാക്കപ്പെട്ടു. കെജിഎസ് കമ്പനി പലതും പ്രചരിപ്പിക്കുന്നുണ്ട്. ആരു വിചാരിച്ചാലും ആറന്മുളയില്‍ വിമാനം പറക്കില്ല. വിമാനത്താവളത്തിന് ഏറ്റെടുത്ത ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിച്ചത് റദ്ദാക്കണം. ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. അദ്ദേഹം ആവശ്യപ്പെട്ടു.
മത രാഷ്‌ട്രീയ വ്യത്യാസങ്ങള്‍ ഉപേക്ഷിച്ച് ആറന്മുള സമരത്തില്‍ കുമ്മനത്തോടൊപ്പം അണിനിരന്ന നാട് വിമോചന യാത്രക്കും ഒന്നടങ്കം കൈകോര്‍ത്തു. ഭക്ഷ്യ സംസ്‌കൃതി തിരിച്ചുപിടിക്കാന്‍ കുമ്മനത്തിന്റെ നേതൃത്വത്തില്‍ നടന്ന ചക്ക മഹോത്സവത്തിന്റെ സ്മരണയില്‍ ചക്ക നല്‍കിയാണ് സ്വീകരണ വേദികളില്‍ പ്രവര്‍ത്തകര്‍ വ്യത്യസ്തത തീര്‍ത്തത്. ശബരിമലയെ കര്‍മഭൂമിയാക്കിയ കുമ്മനത്തിന് ആശംസയര്‍പ്പിക്കാന്‍ അയ്യപ്പഭക്തരും എത്തിച്ചേര്‍ന്നു. ശബരിമലയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് കുമ്മനം ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക രാഷ്‌ട്രീയമാണ് തടസ്സം നില്‍ക്കുന്നത്. ഗംഗാ ശുചീകരണ പദ്ധതി മാതൃകയില്‍ പമ്പാ നദിയുടെ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാനം തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഇത് അനിശ്ചിതത്വത്തിലാണെന്നും കുമ്മനം വിശദീകരിച്ചു.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലയുള്‍പ്പെടുന്ന അപ്പര്‍ കുട്ടനാട്ടിന്റെ കാര്‍ഷിക തകര്‍ച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് അപ്പര്‍ കുട്ടനാട് കാര്‍ഷിക വികസന സമിതി ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തലയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. ഗവിയുടെ വികസനം, പമ്പാനദിയുടെ സംരക്ഷണം തുടങ്ങിയവയും പരാതികളായി യാത്രാനായകന് മുന്നിലെത്തി. ആലപ്പുഴയിലെ അവസാന സ്വീകരണ കേന്ദ്രമായ ചെങ്ങന്നൂരില്‍ നിന്നും ആരംഭിച്ച യാത്ര ഇന്നലെ പത്തനംതിട്ടയിലെ സ്വീകരണത്തിന് ശേഷം പത്തനാപുരത്ത് സമാപിച്ചു.
ഇന്ന് കൊട്ടാരക്കരയില്‍ നിന്നും ആരംഭിക്കുന്ന യാത്ര കൊല്ലം നഗരത്തില്‍ സമാപിക്കും. ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്‍, കെ.സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പി.എം. വേലായുധന്‍, കെ.പി.ശ്രീശന്‍ മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറിമാരായ വി.കെ.സജീവന്‍, അഡ്വ.ബി.ഗോപാലകൃഷ്ണന്‍, ബി.രാധാമണി, ജില്ലാ പ്രസിഡണ്ട് അശോകന്‍ കുളനട, മേഖലാ പ്രസിഡണ്ട് വെള്ളിയാകുളം പരമേശ്വരന്‍, എസ്‌സി-എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീര്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ആര്‍.എസ്.രാജീവ് എന്നിവര്‍ വിവിധ സ്വീകരണങ്ങളില്‍ സംസാരിച്ചു.
















