കൊല്ലം: സ്വപ്നങ്ങളും ദുരിതങ്ങളും ഈരടിയില്‍ നിറച്ച് വിമോചന നായകന് മുന്നില്‍ അവര്‍ പാടി.
”മണ്ണ് മോഹിച്ചും മാനമാശിച്ചും
ഉറങ്ങാതിരിക്കുന്നു ഞങ്ങള്‍
പാഴ്വേലയല്ല അത്രേയുമല്ല
ഇന്നിന്റെ ഓരോ ഞൊടിയും”
പാര്‍വ്വതിയും ശിവാനിയും നിത്യയും സിബിതയും വരി തെറ്റാതെ പാടിയത് കുമ്മനമെന്ന രാഷ്ട്രീയ നേതാവിന് മുന്നിലായിരുന്നില്ല. സംഘടിത ശക്തികള്‍ അന്നം നിഷേധിച്ചപ്പോള്‍ ഭക്ഷണം നല്കി വിലക്കുകളെ ആര്‍ജ്ജവത്തോടെ നേരിടാന്‍ പഠിപ്പിച്ച സമരനായകന് മുന്നിലായിരുന്നു. ഒരു തുണ്ട് ഭൂമിക്ക് വര്‍ഷങ്ങളായി സമരം ചെയ്യുന്ന അരിപ്പയിലെ മണ്ണിന്റെ നേരവകാശികള്‍ക്ക് കുമ്മനത്തെ ആദരിക്കുകയെന്നത് രാഷ്ട്രീയ പ്രവര്‍ത്തനമല്ല. ജീവിതാനുഭവമാണ്. അവഗണനയും സമരവും അനിശ്ചിതമായി നീണ്ടതോടെ പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയാണ് കുമ്മനം അവരെ യാത്രയാക്കിയത്.
അധിനിവേശത്തിനെതിരെ അതിജീവനത്തിന്റെ പ്രതിരോധമായ കുണ്ടറ വിളംബരത്തിന്റെ മാറ്റൊലി മുഴക്കി വിമോചന വിളംബരമായാണ് യാത്ര ദേശിംഗനാട്ടില്‍ പര്യനം നടത്തിയത്. നൂറ് കണക്കിനാളുകളെ പുതുതായി പാര്‍ട്ടിയിലേക്ക് കണ്ണി ചേര്‍ക്കാനും യാത്രക്ക് സാധിച്ചു.
കൊട്ടാരക്കര തമ്പുരാന്റെ നാട്ടില്‍ നിന്നും രാജകീയമായി തുടങ്ങിയ യാത്ര സാധാരണക്കാരുടെ ആകുലതകള്ക്കൊപ്പമായിരുന്നു പര്യടനം നടത്തിയത്. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കൊട്ടാരക്കരയില്‍ നായാടി സമൂഹം യാത്രാനായകന് നിവേദനം നല്കി. കടയ്ക്കലില്‍ കുറവസമുദായത്തിലെ 60 കുടുംബങ്ങള്‍ പട്ടയമില്ലാത്തതിന്റെ പരാതിയുമായാണെത്തിയത്. പുനലൂരില്‍ മികച്ച കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ കെ.എം.ജോണ്‍ ബിജെപിയില്‍ അംഗത്വമെടുത്താണ് കുമ്മനത്തിന് സ്വാഗതമോതിയത്. 15 മുസ്ലീം കുടുംബങ്ങളും ഇവിടെ ബിജെപിയില്‍ ചേര്‍ന്നു. രണ്ടര വര്‍ഷത്തോളമായി സൗദി ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് ഷൈനിനെ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ ശരണ്യയും സഹോദരി ഷീജയും യാത്രാനായകന് നിവേദനം നല്കി. വിവിധ വികസന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടും യാത്രയിലുടനീളം പരാതികള്‍ ലഭിച്ചു.
‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന് ചോദിച്ച കവി ഇഞ്ചക്കാട് ബാലചന്ദ്രന്റെ നാട്ടില്‍ വിമോചന യാത്രയുടെ മുദ്രാവാക്യം ഏറെ പ്രസക്തമായിരുന്നു. നഗരത്തിന് മുഴുവന്‍ കുടിവെള്ളം നല്കിയ അഷ്ടമുടിക്കായലിനെ കയ്യേറ്റവും മാലിന്യവും മെലിഞ്ഞുണക്കി. നാട് സമരമുഖത്തേക്ക് വലിച്ചെറിയപ്പെടുമ്പോഴാണ് ആവേശം പകര്‍ന്ന് സമരനായകനെത്തിയത്. ലക്ഷങ്ങള്‍ക്ക് ജലം നല്കിയ ശാസ്താംകോട്ട തടാകത്തിന്റെ കാര്യവും വ്യത്യസ്തമല്ല. അനധികൃതമായ ചെളിയെടുപ്പ് തടാകത്തെ ഇഞ്ചിഞ്ചായി ഇല്ലാതാക്കി. തടാകം സംരക്ഷിക്കാനുള്ള സമരങ്ങളുടെ മുന്നില്‍ കുമ്മനം എന്നുമുണ്ടായിരുന്നു. വിഷയം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് നിവേദനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
മനുഷ്യന്റെ ആര്‍ത്തിയുടെയും ഭരണകൂടത്തിന്റെ ദാസ്യത്തിന്റെയും പ്രതീകമാണ് ജില്ലയുടെ കിഴക്കന്‍ മേഖലയെ കീറിപ്പൊളിച്ചുകൊണ്ടിരിക്കുന്ന ക്വാറികള്‍. ആയിരക്കണക്കിന് ഏക്കര്‍ പാറകള്‍ മാഫിയകള്‍ തകര്‍ത്തിട്ടും ചരിത്രപ്രാധാന്യമുള്ള ജഡായുപാറ കാലത്തെ അതിജീവിച്ചത് കുമ്മനത്തിന്റെ കരുത്തിലായിരുന്നു. അന്ന് സമരമുഖത്ത് നാട് കണ്ട ക്ഷാത്രവീര്യമാണ് ഇന്നലെ ചടയമംഗലത്തെ സ്വീകരണത്തിലേക്ക് ആവേശത്തോടെ ആയിരങ്ങളെയെത്തിച്ചത്.
കശുവണ്ടിയുടെയും കയര്‍ വ്യവസായത്തിന്റെയും നാടിന് ഇപ്പോള്‍ പറയാനുള്ളത് ദുരിതത്തിന്റെയും അഴിമതിയുടെയും കഥകള്‍ മാത്രമാണ്. കശുവണ്ടി കോര്പ്പറേഷന് അഴിമതിയില്‍ സിബിഐ അന്വേഷണം നടക്കുന്നു. കശുവണ്ടി ഓഫീസുകള്‍ അടച്ച് പൂട്ടിയതോടെ തൊഴിലില്ലാതായി. കയര്‍ത്തൊഴിലാളികളും തൊഴിലില്ലാതെ കുടുംബം പട്ടിണിയിലായതിന്റെ പരിവേദനവുമായാണ് യാത്രാനായകനെ സ്വീകരിക്കാനെത്തിയത്.
ബിജെപി വക്താവും എംപിയുമായ ഡോ.ഓംപ്രകാശ് ശാസ്ത്രി, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ.പി.ശ്രീശന് മാസ്റ്റര്‍, പി.എം.വേലായുധന്, ബി.രാധാമണി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, കെ.സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, എ.എന്‍.രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറിമാരായ വി.വി.രാജേഷ്, വി.കെ.സജീവന്, സി.ശിവന്‍കുട്ടി, അഡ്വ.ബി.ഗോപാലകൃഷ്ണന്, എസ്.ഗിരിജകുമാരി, രാജി പ്രസാദ്, ജില്ലാ പ്രസിഡണ്ട് ജി.ഗോപിനാഥ്, എസ്സി എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ആഡ്വ.പി.സുധീര്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് രേണു സുരേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.കെ.പി.പ്രകാശ്ബാബു, സംസ്ഥാന വൈസ് പ്രസിഡണ്ട് ആര്.എസ്.രാജീവ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു. യാത്ര ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: