തിരുവനന്തപുരം: കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ തല്ലുകൂടല്‍, ബംഗാളില്‍ മോതിരം മാറല്‍. ഇതെങ്ങനെ ശരിയാകും. പച്ച മലയാളത്തില്‍ ചോദിച്ചത് മറ്റാരുമല്ല. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. വിമോചനയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ഇരുമുന്നണികളുടെ സഖ്യത്തെക്കുറിച്ച് മലയാളത്തില്‍ തന്നെ രാജ്‌നാഥ് സിംഗ് ചോദിച്ചത്. രാജ്‌നാഥ് സിംഗിന്റെ ചോദ്യം കേട്ട് നിലയ്‌ക്കാത്ത ഹര്‍ഷാരവമുണ്ടായി.
എല്‍ഡിഎഫും യുഡിഎഫും കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. ജനവഞ്ചനയാണ് ഇവര്‍ നടത്തുന്നത്. വിചിത്രമായ മുന്നണി ബന്ധമാണ് ഇവര്‍ തമ്മില്‍. ഇവിടെ എതിര്‍ക്കുകയും കേന്ദ്രത്തില്‍ ആവശ്യം വരുമ്പോള്‍ ഒരുമിച്ചു ഭരിക്കുകയും ചെയ്യും. ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ ഒരുമിച്ചു നില്‍ക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഈ കപടമുന്നണികളില്‍ നിന്ന് കേരളത്തെ വിമോചിപ്പിക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
സഹോദരീ സഹോദരന്മാര്‍ക്ക് നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞാണ് രാജ്‌നാഥ് സിംഗ് പ്രസംഗം തുടങ്ങിയത്. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയ്‌ക്കും സിയാച്ചിനില്‍ മരിച്ച ഹനുമന്തപ്പയ്‌ക്കും കേരളത്തില്‍ നിന്നുള്ള സൈനികനും മററു സൈനികര്‍ക്കും ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.
















