കൊച്ചി: സുഭാഷ് പാര്‍ക്ക് സിനിമാ ചിത്രീകരണത്തിന് വിട്ടുനല്‍കാത്തതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ജൂഡ് ആന്റണിയും കൊച്ചി മേയര്‍ സൗമിനി ജെയിനും സോഷ്യല്‍ മീഡിയയിലൂടെയുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ജൂഡ് ആന്റണി കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിന് മേയര്‍ ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കി.
ജൂഡ് ആന്റണിയുടെ കുറിപ്പ് വായിച്ചെന്നും കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ വേറൊരു രീതിയില്‍ തിരക്കഥ തയ്യാറാക്കി ഇരയെ വേട്ടക്കാരനായി മാറ്റി ചങ്ക് തകര്‍ത്തെഴുതാനുള്ള സംവിധാന മികവാണ് ജൂഡ് പുറത്തുകാട്ടിയന്നെുമാണ് മേയറുടെ പോസ്റ്റ്. എന്നാല്‍ സത്യത്തെ ആര്‍ക്കും ഇല്ലാതാക്കാനാവില്ലെന്നും കുറിപ്പില്‍ പറയുന്നു. നേരത്തെ സോഷ്യല്‍ മീഡിയ വഴി മന്ത്രി എം. എം. മണിയെ ജൂഡ് പരിഹസിച്ചതും എഫ്ബിയില്‍ കമന്റിട്ടയാളെ ജൂഡ് അസഭ്യം പറഞ്ഞതുമൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു മേയറുടെ ആക്രണം.
സുഭാഷ് പാര്‍ക്ക് വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കാട്ടി ജൂഡിനെതിരെ മേയര്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയുള്ള ഇരുവരുടെയും ഏറ്റുമുട്ടല്‍.
















