തണ്ണീര്‍മുക്കം: പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ. ബസ് സ്റ്റാന്‍ഡിനായുള്ള തണ്ണീര്‍മുക്കം നിവാസികളുടെ കാത്തിരിപ്പ് നീളുന്നു. ഒന്നരവര്‍ഷം മുന്‍പാണ് ബസ് സ്റ്റാന്‍ഡിന്റെ നിര്‍മാണം ആരംഭിച്ചത്. ലോകബാങ്കിന്റെ സഹായത്തോടെ ഗ്രാമീണ വികസന പദ്ധതിയില്‍ പെടുത്തി ആരംഭിച്ച പണി പാതിവഴിയി്ല്‍ മുടങ്ങുകയായിരുന്നു.
മുന്‍ഭരണസമിതിയുടെ കാലത്താണ് പഞ്ചായത്ത് ഓഫീസിന് എതിര്‍വശം സ്റ്റാന്‍ഡിനായി 93 സെന്റ് സ്ഥലം വാങ്ങിയത്. ലോകബാങ്കില്‍ നിന്ന് പദ്ധതിക്കായ 36 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതില്‍ 20 ലക്ഷത്തോളം രൂപ സ്റ്റാന്‍ഡിന്റെ നിര്‍മാണത്തിനും ബാക്കിതുക തൊഴിലുറപ്പ് പദ്ധതിക്കായുള്ള ഓഫീസ്, പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസ് എന്നിവയ്‌ക്കായി മാറ്റിവെയ്‌ക്കുകയായിരുന്നു.
പദ്ധതിയുടെ ഭാഗമായി കെഎസ്ആര്‍ടിസി സ്റ്റേബസ്് ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം, ശൗചാലയം എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കി. തെരഞ്ഞെടുപ്പിന് ശേഷം ഭരണമാറ്റം വന്നതോടെ പണി പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. ഭരണസമിതിയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള ശീതസമരമാണ് നിര്‍മാണം മുടങ്ങിയതിന് പിന്നിലെന്നും ആരോപണമുണ്ട്. ബസ് സ്റ്റാന്‍ഡിന്റെ അഭാവം മൂലം യാത്രക്കാര്‍ ബണ്ടിന് സമീപം വെയിലും മഴയുമേറ്റ് ബസ് കാത്ത് നില്‍ക്കേണ്ട സ്ഥിതിയാണ്. കോട്ടയം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ടവരാണ് അധികവും ഇവിടെ എത്തുന്നത്.
ഇടുങ്ങിയ കവലയില്‍ ഏറെ നേരം കാത്തുനിന്നാണ് പലരും യാത്ര തുടരുന്നത്. ഭാരവാഹനങ്ങളുടെ അടക്കമുള്ള അമിതവേഗതയിലുള്ള സഞ്ചാരം ബസ് കാത്തുനില്‍ക്കുന്നവരെ ഭീതിയിലാഴ്‌ത്തുകയാണ്. യാത്രക്കാരുടെ സുരക്ഷക്കായി പോലീസിന്റെ സേവനം ലഭ്യമാക്കണമെന്ന് കാലങ്ങളായ ആവശ്യമുയരുന്നുണ്ടെങ്കിലും ഇത് കേട്ടഭാവം പോലും നടിക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. ബണ്ടിന്റെ മൂന്നാം ഘട്ടം ഗതാഗതത്തിന് തുറക്കുന്നതോടെ ചേര്‍ത്തല കോട്ടയം റൂട്ടില്‍ ഗതാഗത തിരക്കേറും. വിനോദസഞ്ചാരികള്‍ അടക്കം കൂട്ടമായെത്തുന്ന മേഖലയിലെ ബസ് സ്റ്റാന്‍ഡിന്റെ അഭാവം ടുറിസം വികസനത്തിന് തടസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ പദ്ധതിയുടെ പൂര്‍ത്തീകരണം ഭരണാധികാരികളുടെ ചേരിപ്പോര് മൂലം അനിശ്ചിതത്വത്തിലായത് ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
















