തളിപ്പറമ്പ്്: സിപിഎം പാര്‍ട്ടി ഗ്രാമമെന്ന് അറിയപ്പെടുന്ന കൂവോട് ദളിതരുടെ വീടുകളില്‍ എഴുന്നള്ളത്തിന് വിലക്ക്. കൂവോട് കുന്നൂല്‍കാവിലെ പൂരം ഉത്സവത്തോടനുബന്ധിച്ചുള്ള എഴുന്നള്ളത്താണ് ഈ പ്രദേശത്തെ ദളിതരുടെ വീടുകളില്‍ പോകാത്തത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ക്ഷേത്ര ഭരണം കയ്യാളുന്നത്. നമുക്ക് ജാതിയില്ലെന്ന് ശ്രീനാരായണ ഗുരുവിന്റെ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികം ഏറെ കൊട്ടിഘോഷിച്ച് കൊണ്ടാടിയ പ്രദേശങ്ങളാണ് കൂവോടും കുറ്റിക്കോലും ഇതിന് മുമ്പില്‍ നിന്നത് കാവ് കമ്മറ്റിക്കാര്‍തന്നെയായിരുന്നു. എന്നാല്‍ ഈ കമ്മറ്റിതന്നെയാണ് ഈ പ്രദേശങ്ങളില്‍ ജാതി ചിന്ത വളര്‍ത്തുന്നത്. തിയ്യ സമുദായ കുടുംബത്തില്‍പെട്ടവരുടേതാണ് ഈ ക്ഷേത്രം. ഈ പ്രദേശങ്ങളില്‍ പുതുതായി ഒട്ടേറെ പേര്‍ വന്ന് താമസിക്കുന്നുണ്ട്. അവരുടെയെല്ലാം ജാതി ഏതെന്ന് ചോദിച്ചറിഞ്ഞാണ് ക്ഷേത്രത്തിലെ എഴുന്നള്ളത്ത് പോകുന്നതെന്നും ആരോപണമുണ്ട്. സംഭവം വിവാദമാതിനെ തുടര്‍ന്ന് ഒരുസംഘം എഴുന്നള്ളത്ത് കുറ്റിക്കോലില്‍ തടഞ്ഞിരുന്നു. പൂരം ഉത്സവത്തിന്റെ ഭാഗമായാണ് കാവില്‍ നിന്നുള്ള എഴുന്നള്ളത്ത് നടക്കുന്നത്. ചൊവ്വാഴ്ച നടന്ന എഴുന്നള്ളത്ത് പ്രശസ്ത നാടകകാരനും പുരോഗമന കലാസാഹിത്യ സംഘം നേതാവുമായ ഒ.കെ.കുറ്റിക്കോലിന്റെ വീട്ടില്‍ കയറാതെ പോയതോടെയാണ് ഒരുസംഘം സിപിഎം അനുഭാവികള്‍ എഴുന്നള്ളത്ത് തടഞ്ഞത്. എന്നാല്‍ പരമ്പരാഗതമായ ആചാര പ്രകാരമേ എഴുന്നള്ളത്ത് വീടുകളില്‍ പോകൂ എന്ന നിലപാടിലായിരുന്നു ക്ഷേത്ര ഭരണ സമിതി. പരമ്പരാഗതമായ ആചാരം മാറ്റണമെന്ന് തടഞ്ഞവര്‍ ആവശ്യപ്പെട്ടതോടെ എഴുന്നള്ളത്ത് നിര്‍ത്തിവെക്കുകയായിരുന്നു. അഴീക്കല്‍ ആലിന്‍കീഴില്‍ ക്ഷേത്രത്തില്‍ സിപിഎം ഭരണ സമിതിയുടെ നേതൃത്വത്തില്‍ കടുത്ത ജാതിവിവേചനം നടത്തുന്നതിനിടെ ഏറെ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. അതിനിടയിലാണ് പാര്‍ട്ടി ഗ്രാമത്തില്‍ തന്നെ ഇത്തരമൊരു സംഭവം നടന്നത്.
















