പൂവാര്‍: ഇരുവൈക്കോണം ദേവീ ക്ഷേത്രത്തില്‍ ഉത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തെ തുടര്‍ന്ന് എസ്‌ഐ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നു. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പൂവാര്‍ പൊലീസ് സ്‌റ്റേഷനിലെ അഡിഷണല്‍ എസ്‌ഐ ശ്രീകുമാറിനാണ് അന്വേഷണ ചുമതല. അതേസമയം ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ചില പ്രതികള്‍ ഒളിവില്‍ പോയതായാണ് വിവരം. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്ന ക്ഷേത്രത്തില്‍ ഉത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇരുവിഭാഗങ്ങള്‍തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് പൂവാര്‍ എസ്‌ഐ പ്രകാശിനും ഇരുവൈക്കോണം സ്വദേശി വാസന്തിക്കും (65) പരിക്കേറ്റത്.
















