ഇരിട്ടി: ലൈംഗിക പീഡനത്തെ തുടര്‍ന്ന് പയഞ്ചേരി വികാസ് നഗറിലെ എഴുപതുകാരി വീട്ടമ്മ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ പോലീസ് പ്രതിയെന്നു സംശയിക്കുന്ന ആളെ കസ്റ്റഡിയില്‍ എടുത്തിട്ടും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ചു ബിജെപി പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടി പട്ടണത്തില്‍ പ്രകടനം നടത്തി. സിപിഎം പ്രവര്‍ത്തകനും പ്രമുഖ സിപിഎം വനിതാ നേതാവിന്റെ സഹോദരനുമായ ആറളം സ്വദേശിയാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. അതുകൊണ്ടുതന്നെ ഉന്നത രാഷ്‌ട്രീയ ഇടപെടല്‍ ഇതിന്റെ പിന്നില്‍ ഉള്ളത് കൊണ്ടാണ് പൊലീസിന് ഇയാളെ അറസ്റ്റു ചെയ്യാന്‍ മടിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. പ്രകടനത്തിന് ജില്ലാ കമ്മിറ്റി അംഗം രാമദാസ് എടക്കാനം, പേരാവൂര്‍ മണ്ഡലം പ്രസിഡണ്ട് പി.എം. രവീന്ദ്രന്‍, മറ്റു നേതാക്കളായ സത്യന്‍ കൊമ്മേരി, എം.ആര്‍. സുരേഷ്, പി.വി. അജേഷ്, പ്രിജേഷ് അളോറ, തുടങ്ങിയവര്‍ പങ്കെടുത്തു.
















