പിലാത്തറ: ദേശീയപാതയുടെ അരികില്‍ പീരക്കാംതടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് ഔട്ട് ലെറ്റ് അടച്ചു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാത്രിയോടെ ദേശീയ പാതയോരത്തെ മദ്യവില്‍പനശാല അടച്ചത്. എന്നാല്‍ മറ്റൊരു സ്ഥലത്ത് ഔട്ട് ലെറ്റ് തുറന്നു കൊണ്ട് ബദല്‍ സംവിധാനമൊരുക്കാന്‍ അധികൃതര്‍ക്ക് ഇതുവരെയുമായില്ല.
ദേശീയ പാതയിലെ ഔട്ട് ലെറ്റ് പൂട്ടേണ്ട സ്ഥിതി വരുന്ന സാഹചര്യം മുന്നില്‍ കണ്ട് ബിവറേജസ് കോര്‍പ്പറേഷന്‍ വിവിധ സ്ഥലങ്ങളില്‍ തുടങ്ങാന്‍ ആലോചിച്ചെങ്കിലും ജനങ്ങളുടെ എതിര്‍പ്പ് മൂലം സാധിച്ചില്ല.
ഏഴിലോട് കാരാട്ട് ബിവറേജസ് ഇരട്ട മുറികള്‍ വാടകക്ക് ഉറപ്പിച്ച് കഴിഞ്ഞ ദിവസം സാധനമിറക്കുമ്പോള്‍ നാട്ടുകാര്‍ തടയുകയും തുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്യേണ്ടി വന്നു. പഴിച്ചയില്‍ അങ്കണവാടിക്കടുത്ത് തുടങ്ങാനുള്ള ആലോചന ഉയര്‍ന്നപ്പോഴും കര്‍മ്മസമിതി രൂപീകരിച്ച് ശക്തമായി എതിര്‍പ്പ് ഉയര്‍ന്നു.ചെറുവിച്ചേരി ഭൂദാനത്ത് സ്ഥലം ആലോചിച്ചപ്പോഴും എതിര്‍പ്പുയര്‍ന്നു.
















