പയ്യന്നൂര്‍: പിതാവിന്റെ സ്മരണയില്‍ മക്കളുടെ വകയായി പഞ്ചായത്തിന് സൗജന്യമായി ആംബുലന്‍സ്. ചന്തപ്പുരയിലെ പൗരപ്രമുഖനായിരുന്ന ടി.പി.അഹമ്മദിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ മക്കളാണ് കടന്നപ്പള്ളി പാണപ്പഴ പഞ്ചായത്തിനായി ആംബുലന്‍സ് ദാനമായി നല്‍കിയത്.
പഞ്ചായത്ത് ആസ്ഥാനമായ ചന്തപ്പുരയിലും പഞ്ചായത്ത് പരിധിയില്‍ പെടുന്ന പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്തും പൊതു ജനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ബാലകൃഷ്ണന്‍ പറഞ്ഞു. രോഗികളെ പരിപാലിക്കുന്നതിനും വീടുകളില്‍ ചികിത്സയും മരുന്നും എത്തിക്കുന്നതിനും വയോജന സാന്ത്വന പ്രവര്‍ത്തനത്തിനും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന പഞ്ചായത്തിന് ആംബുലന്‍സ് സൗകര്യം കൂടി ലഭിച്ചത് എറെ പ്രയോജനപ്പെടുത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിന്റേതായി മൃതദേഹം സൂക്ഷിക്കാനുള്ള ജനറേറ്ററടക്കമുള്ള ഫ്രീസര്‍ സൗകര്യം ഏറെക്കാലമായി ഇവിടെ നിന്നും ജനങ്ങള്‍ക്ക് ലഭ്യമാണ്.
















