ആലപ്പുഴ: ആധുനിക രീതിയില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് പ്രത്യേക ചോദ്യം ചെയ്യല്‍ കേന്ദ്രം ആലപ്പുഴയില്‍ തുടങ്ങി. കോട്ടയം, തിരുവനന്തപുരം ജില്ലകള്‍ക്കു പിന്നാലെ സംസ്ഥാനത്തു മൂന്നാമത്തെ കേന്ദ്രം ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസിനോടു ചേര്‍ന്നാണു പ്രവര്‍ത്തിക്കുക. ജില്ലാ പോലീസ് മേധാവി വി.എം.മുഹമ്മദ് റഫീക്‌കേന്ദ്രം ഉദ്ഘാടനം ചെയ്തു. പ്രത്യേകമായി സജ്ജമാക്കിയ മുറിയാണ് ഈ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിന്റെ പ്രത്യേകത. വികസിതരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന നിലവാരത്തിലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഈ ‘സ്മാര്‍ട്ട്’ ചോദ്യം ചെയ്യല്‍ മുറി തയാറാക്കിയത്. എല്ലാ കേസുകളിലെയും പ്രതികളെ ഇവിടെ കൊണ്ടു വന്നു ചോദ്യം ചെയ്യില്ല. അഞ്ചു ലക്ഷം രൂപ ചെലവിലാണു മുറി തയാറാക്കിയിരിക്കുന്നത്. പ്രതികളോടു ചോദ്യം ചോദിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വിശദമായ പരിശീലനം നല്‍കും.
















