വിഴിഞ്ഞം: ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും നല്‍കുന്ന സമ്പൂര്‍ണ ഭവനനിര്‍മാണ പദ്ധതിയായ ‘ലൈഫി’ന് വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റില്‍ മുന്‍തൂക്കം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷ് അവതരിപ്പിച്ച ബജറ്റിലാണ് ലൈഫ് പദ്ധതിക്കും പട്ടികജാതിക്കാര്‍ക്ക് ഫ്ളാറ്റ് നിര്‍മാണത്തിനുമായി മുന്‍ഗണന നല്‍കിയത്.
ഉത്പാദന മേഖലയില്‍ കൃഷിയും മൃഗസംരക്ഷണവും പാല്‍ ഉത്പാദനവും വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ലക്ഷ്യമിടുന്നു. എല്ലാ വീടുകളിലും മഴവെള്ള സംഭരണം, കിണറുകളുടെ നവീകരണം, കിണര്‍ റീ ചാര്‍ജ്ജിംഗ്, മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കല്‍, പ്ലാസ്റ്റിക് നിര്‍മാര്‍ജനം, റോഡുകളുടെയും നടപ്പാതകളുടെയും നിര്‍മാണം എന്നിവയ്‌ക്കും ബജറ്റ് ഊന്നല്‍ നല്‍കുന്നു.
ഹരിത കേരളം പദ്ധതിയില്‍ പെടുത്തി മണ്ണ്, ജലസംരക്ഷണം എന്നിവയും ബജറ്റിന്റെ ഭാഗമാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് പ്രത്യേക പ്രാധാന്യവും നല്‍കിയിട്ടുണ്ട്. 19,33,45,184 രൂപ വരവും 19, 24,08500 രൂപ ചെലവും 9,36,000 രൂപ മിച്ചവും വരുന്ന ബജറ്റ് കമ്മിറ്റി അംഗീകരിച്ചു.
















