പൂവാര്‍: ഒടുവില്‍ പൂവാര്‍ തീരത്ത് വൈദ്യുതി എത്തി. പൂവാര്‍ തീരദേശത്ത് വൈദ്യുതി കണക്ഷന്‍ ഇതുവരെ ലഭിക്കാത്തതിനെക്കുറിച്ച് ജന്മഭൂമിയില്‍ വന്ന വാര്‍ത്തയാണ് തുണയായത്. വാര്‍ത്ത വന്നതോടെ പൂവാര്‍ ജംഗ്ഷന്‍ മുതല്‍ കോസ്റ്റല്‍ പോലീസ്‌സ്റ്റേഷന്‍ വരെ വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു. പ്രദേശത്ത് രാത്രി കാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്നു സ്ഥാപിച്ച കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചിരുന്നില്ല. ഇത് ഇവിടത്തെ ഉദ്യോഗസ്ഥര്‍ക്ക് ഒരുപാട് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. മെഴുകുതിരി വെളിച്ചത്തിലാണ് രാത്രി കാലങ്ങളില്‍ പരിശോധനകള്‍ നടത്തിയിരുന്നത്. ഇതിനെതിരെയും ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം പഞ്ചായത്തും കെസ്ഇബിയും ചേര്‍ന്ന് ഉടന്‍ പരിഹാരം കാണുകയായിരുന്നു.
















