വിഴിഞ്ഞം: സ്വദേശീയരും വിദേശീയരുമായ വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി കോവളത്ത് ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. 17 മുതല്‍ 19 വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. സമുദ്രാ ബീച്ചിന് സമീപത്തായി ഐഎച്ച്എംസിടി വിദ്യാര്‍ഥി സംഘത്തിന്റെ നേതൃത്വത്തിലാണ് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഭക്ഷ്യമേള അരങ്ങേറുന്നത്.
എല്ലാ ദിവസവും വൈകിട്ട് ആറിന് ഐഎച്ച്എംസിടിയിലെ കാമ്പസിലാണ് മേള. കേരളത്തിന്റെ തനത് രുചിയില്‍ തുടങ്ങി വടക്കേ ഇന്ത്യന്‍, കോണ്ടിനെന്റല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പതിവ് രുചി ഭേദങ്ങള്‍ക്കൊപ്പം ബിബിക്യൂ എന്ന നവീന മാംസ ഭക്ഷ്യ ഇനവും തീന്‍ വിഭവത്തില്‍ ഉള്‍പ്പെടും. മത്സ്യ ഇനത്തിലെ വിവിധ രുചിക്കൂട്ടുകളും തീറ്റപ്രീയര്‍ക്ക് ഇവിടെനിന്ന് ലഭിക്കും. ആകെ 12 സ്റ്റാളുകളിലായി നിരക്കുന്ന ഭക്ഷ്യ ഇനത്തിനോടൊപ്പം വിവിധ പേസ്ട്രീ വിഭവങ്ങളും ആസ്വദിക്കാം. തീറ്റ ആസ്വാദനത്തിനൊപ്പം വിവിധ മത്സര വിനോദോപാധികളും ഇവിടെ സജ്ജമാക്കും. കൂടാതെ വേദിയില്‍ വിവിധ കലാവിരുന്നുകളും അരങ്ങേറും. ഇക്കുറി തെരഞ്ഞെടുത്ത ഭിന്നശേഷിക്കാരുള്‍പ്പെട്ട സ്‌കൂളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന കലാപരിപാടി കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആളൊന്നിന് 300 രൂപയാണ് ടിക്കറ്റ് നിരക്ക്. ഫോണ്‍: 0471 – 2480283
















