ആംസ്റ്റര്‍ദാം: യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. രാത്രി നടക്കുന്ന ജര്‍മനി-നെതര്‍ലന്‍ഡ്‌സ് പോരാട്ടമാണ് വാശിയേറിയ മത്സരം. നിലവിലെ ജേതാക്കളായ പോര്‍ച്ചുഗലും കളത്തിലിറങ്ങും. ആകെ എട്ട് മത്സരങ്ങളാണ് ഇന്ന് നടക്കുക.
രാത്രി 9.30ന് മാള്‍ട്ട-അന്‍ഡോറ മത്സരത്തോടെയായിരിക്കും നേഷന്‍സ് ലീഗ് പുതിയ പതിപ്പിന്റെ കിക്കോഫ്. അന്‍ഡോറയിലെ എന്‍കാംപിലാണ് മത്സരം. ഗ്രൂപ്പ് എമ്മില്‍ ഈ രണ്ട് ടീമുകള്‍ കൂടാതെ ജിബ്രാള്‍ട്ടര്‍ കൂടിയുണ്ട്.
ബാക്കി ഏഴ് മത്സരങ്ങളും രാത്രി 12.15ന് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായാണ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ദാമിലാണ് ഇന്നത്തെ ഗ്ലാമര്‍ പോരാട്ടമായ ജര്‍മനി-നെതര്‍ലന്‍ഡ്‌സ് മത്സരം. ഗ്രൂപ്പ് ബിയില്‍ ഈ രണ്ട് ടീമുകള്‍ കൂടാതെ ഗ്രീസും സെര്‍ബിയയും ഉണ്ട്. ഇവരുടെ മത്സരവും ഇതേ സമയത്ത് നടക്കും. നിലവിലെ ജേതാക്കളായ പോര്‍ച്ചുഗലിന്റെ മത്സരം വെയ്ല്‍സിനെതിരെയാണ്. പോര്‍ച്ചുഗലിലെ ലിസ്ബനിലാണ് മത്സരം. ഗ്രൂപ്പ് ഡിയില്‍ ഈ രണ്ട് ടീമുകള്‍ക്കൊപ്പം കരുത്തരായ നോര്‍വേയും ഡെന്‍മാര്‍ക്കും കൂടിയുണ്ട്. ഇവര്‍ തമ്മിലുള്ള പോരാട്ടം ഇന്ന് രാത്രി നടക്കും.











