കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ കെ.കെ. രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാല മലയാളം ഡിപ്പാര്‍ട്ട്മെന്റിലെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സുപ്രീംകോടതിക്ക് കൈമാറാന്‍ കണ്ണൂര്‍ സര്‍വകലാശാല തീരുമാനിച്ചതായറിയുന്നു. വിവാദമായ ഇന്റര്‍വ്യൂ ലിസ്റ്റും റിസര്‍ച്ച് സ്‌കോറും ഉള്‍പ്പെടെയുള്ള രേഖകളാണ് കോടതിക്ക് കൈമാറാന്‍ കണ്ണൂര്‍ സര്‍വ്വകലാശാല തീരുമാനിച്ചത്.
രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനത്തെ ന്യായീകരിച്ച് മുമ്പ് നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുന്നത് കേസിനെ ബാധിക്കുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ്, സത്യവാങ്മൂലം പിന്‍വലിക്കാതെ തന്നെ മുഴുവന്‍ രേഖകളും നേരിട്ട് ഹാജരാക്കി നിയമനത്തിലെ ക്രമക്കേടുകള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍വകലാശാല തീരുമാനിച്ചത്.
പരിശോധനയില്‍ റിസര്‍ച്ച് സ്‌കോറിന്റെ പട്ടികയില്‍ പ്രിയ വര്‍ഗീസ് അഞ്ചാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇന്റര്‍വ്യൂവിനുശേഷമാണ് അവര്‍ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സര്‍വകലാശാലയുടെ പരിശോധനയില്‍ വ്യക്തമായിരുന്നു. സര്‍വകലാശാലയ്‌ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ നിഖില്‍ ഗോയല്‍, അഭിഭാഷകന്‍ പി.എസ്. സുല്‍ഫിക്കര്‍ അലി എന്നിവര്‍ സുപ്രീം കോടതിയില്‍ ഹാജരാകും.
സര്‍വകലാശാലയുടെ നീക്കത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുമുണ്ട്. അതേസമയം, പ്രിയ വര്‍ഗീസിന്റെ നിയമനം അസാധുവാക്കണമെന്നാണ് സര്‍വകലാശാല ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
യുജിസിക്കുവേണ്ടി അഡീ. സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് കോടതിയില്‍ ഹാജരാകും.
















