കണ്ണൂര്‍: കണ്ണൂരില്‍ ശാശ്വതസമാധാനം നിലനിര്‍ത്താനായി ബിജെപി മുന്നോട്ടുവെച്ച പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചതായും ജില്ലയില്‍ സാമാധാനമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളേയും ബിജെപിയും ആര്‍എസ്എസും സ്വാഗതം ചെയ്യുന്നതായും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ജില്ലാ കലക്ടറേറ്റില്‍ നടന്ന സര്‍വ്വകക്ഷി സമാധാനയോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനം സ്ഥാപിക്കാന്‍ വൈകിയാണെങ്കിലും മുഖ്യമന്ത്രി നേരിട്ട് മുന്‍കയ്യെടുത്തത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍വ്വകക്ഷി സമാധാന യോഗമെടുത്ത തീരുമാനങ്ങള്‍ക്ക് ബിജെപിയും ആര്‍എസ്എസും സര്‍വ്വപിന്തുണയും നല്‍കും. സമാധാന ലംഘനത്തിന് രണ്ട് പ്രധാന കാരണങ്ങള്‍ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയതായും ഇതില്‍ രണ്ട് കാര്യങ്ങളിലും മുഖ്യമന്ത്രി ഉറപ്പുതന്നതായും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തനസ്വാതന്ത്ര്യം ഉറപ്പു വരുത്തുക, പോലീസ് നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കുക എന്നിവയാണ് ബിജെപി നേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഈ രണ്ട് കാര്യങ്ങളിലും മുഖ്യമന്ത്രി ഉറപ്പു തന്നതായി അദ്ദേഹം പറഞ്ഞു. നേതാക്കള്‍ ചേര്‍ന്നെടുത്ത സമാധാന തീരുമാനങ്ങളെ താഴെത്തട്ടില്‍ അണികളിലേക്ക് എത്തിക്കാന്‍ ബിജെപി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. സമാധാനത്തിനായുളള ശ്രമങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് ശുഭാപ്തി വിശ്വാസമാണുളളതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് എന്നിവരും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.
















