കണ്ണൂര്‍: പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിയന്ത്രണവിധേയമാക്കുന്നതിന്റെ മറവില്‍ ചെറുകിട വ്യാപാരികളെ തകര്‍ക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാപ്രസിഡന്റ് ദേവസ്യ മേച്ചേരി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വ്യാപാരികളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും പദ്ധതി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് നാളെ വൈകുന്നേരം നാലിന് കണ്ണൂരില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തും. സെന്റ് മൈക്കിള്‍ സ്‌ക്കൂള്‍ മൈതാനത്ത് തുടങ്ങുന്ന പ്രകടനം സ്റ്റേഡിയം കോര്‍ണറില്‍ അവസാനിക്കും. യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസീറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.
പ്രതിമാസം 4000 രൂപ അടക്കണമെന്ന ആവശ്യം ചെറുകിട കച്ചവടക്കാര്‍ക്കാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ബോധവല്‍ക്കരണം നടത്താതെയും തദ്ദേശ സ്വയംഭരണ വകുപ്പുകളില്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യൂണിറ്റ് സ്ഥാപിക്കാതെയും വന്‍ കുത്തകകള്‍ക്കും മറ്റും യഥേഷ്ടം ഉല്‍പ്പന്നങ്ങള്‍ പാക്ക് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും കുറഞ്ഞ മൈക്രോണില്‍ ക്യാരി ബാഗുകള്‍ പോലെയുള്ളവ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താതെ ചെറുകിട വ്യാപാര മേഖലയെയും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ചെറുകിടക്കാരെയും ഉപദ്രവിക്കുകയും ഭീമമായ ഫീസ് മാസം തോറും അടച്ച് ക്യാരിബാഗുകള്‍ വിതരണം ചെയ്യുന്നതിന് പ്രോല്‍സാഹനം നല്‍കുന്ന നിലപാടാണ് അധികാരികള്‍ ചെയ്യുന്നത്. ഇതിന്റെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പകരം സംവിധാനമൊന്നും കാണാതെ പ്ലാസ്റ്റിക്കിന് പകരമെന്ന പേരില്‍ പ്ലാസ്റ്റിക്കിനേക്കാള്‍ ദോഷം ചെയ്യുന്ന നോണ്‍വൂവന്‍ സഞ്ചികള്‍ക്ക് പ്രാമുഖ്യം നല്‍കുകയാണെന്നും വ്യാപാരികള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പി.ബാഷിദ്, കെ .എസ്.റിയാസ്, അലോക് കുമാര്‍ സാബു, പി.ബി.ഐ.മുഹമ്മദ് അശ്രഫ് എന്നിവര്‍ പങ്കെടുത്തു.
















