ഇരിട്ടി: മരണശേഷം സൂക്ഷിച്ചു വെച്ച അമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പീഡിത സഹായനിധിയിലേക്ക് നല്‍കി മകന്‍ കീഴൂരിലെ കളരിക്കണ്ടി ബാബു സംഘബോധത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ചതിനെ പിന്‍തുടര്‍ന്ന് കീഴൂരില്‍ നിന്നും മറ്റൊരു കുടുംബം കൂടി തങ്ങളുടെ കയ്യില്‍ അപൂര്‍വ നിധിയായി സൂക്ഷിച്ചു വെച്ച മണ്മറഞ്ഞുപോയ അമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ സംഭാവന ചെയ്തു മാതൃക സൃഷിച്ചു. തന്റെ അവസാനകാലം വരെ സംഘപ്രവര്‍ത്തനത്തില്‍ മുഴുകുകയും സംഘത്തിന്റെ ആദര്‍ശങ്ങളില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്ത കീഴൂരിലെ ഉഷാ നിവാസില്‍ പരേതനായ കുഞ്ഞനന്തന്‍ ഗുരിക്കളുടെ മക്കളായ ശശിധരന്‍, ഹരീന്ദ്രന്‍, ഉഷ, ഉമ എന്നിവരാണ് അമ്മ മാധവിയുടെ മരണശേഷം അമ്മയുടെ ഓര്‍മ്മക്കായി വര്‍ഷങ്ങളായി സൂക്ഷിച്ചു വെച്ച ആഭരണങ്ങള്‍ പീഡിതസഹായ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്. കീഴൂരിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ ആര്‍ എസ് എസ് ജില്ലാ സഹ കാര്യവാഹ് കെ. ശ്രീജേഷ് മാധവിയമ്മയുടെ മൂത്തമകന്‍ ശശിധരനില്‍ നിന്നും ആഭരണങ്ങള്‍ ഏറ്റുവാങ്ങി. താലൂക്ക് കാര്യവാഹ് എം. രതീഷ്, മണ്ഡല്‍കാര്യവാഹ് പി.പി. ഷാജി, ഇരിട്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ എം. രഘു, സത്യന്‍ കൊമ്മേരി ആര്‍എസ്എസ് ബിജെപി നേതാക്കളായ പി. മനീഷ്, എം. സുരേഷ്ബാബു, കെ. ജയപ്രകാശ്, കെ. കുഞ്ഞിനരായണന്‍ മാസ്റ്റര്‍ , പി.വി. അജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















