തിരുവനന്തപുരം: പ്രമേഹം, പൊണ്ണത്തടി, കൊളസ്‌ട്രോള്‍, ഹൈപ്പര്‍ടെന്‍ഷന്‍, കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം, പിസിഒഡി, ഫൈബ്രോയ്ഡ് തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്ക് ‘ജിജ്ഞാസ 2017’ല്‍ സൗജന്യ പരിശോധന ഒരുക്കിയിരിക്കുന്നു. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സിന്റെ (സിസിആര്‍എഎസ്) പ്രാദേശിക ഇന്‍സ്റ്റിറ്റ്യൂട്ടായ റീജ്യണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലൈഫ്‌സ്‌റ്റൈല്‍ ഡിസോര്‍ഡേഴ്‌സിലെ ഡോക്ടര്‍മാരാണ് പരിശോധന നടത്തുന്നത്.
ജീവിതശൈലി രോഗങ്ങളെക്കുറിച്ച് രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സംശയനിവാരണം നടത്താനുള്ള അവസരവും ഉണ്ടാകും. തുടര്‍ ചികിത്സ ആവശ്യമായ രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ നടത്താവുന്ന തരത്തില്‍ റഫറന്‍സും നല്‍കും. ഇതോടൊപ്പം വിവിധ ഔഷധസസ്യങ്ങളെ പരിചയപ്പെടുത്താനായി ഔഷധസസ്യ പ്രദര്‍ശനവും സ്‌പെഷ്യാലിറ്റി ക്ലിനിക്കും ഒരുക്കിയിട്ടുണ്ട്. ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്കും താത്പര്യമുള്ള സാധാരണക്കാര്‍ക്കും ഉപയോഗപ്രദമാകുന്ന സിസിആര്‍എഎസിന്റെ ഗവേഷണ പുസ്തകങ്ങളുടെ വില്‍പ്പനയും മേളയിലുണ്ട്.
സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് സിദ്ധയില്‍ നിന്ന് അഞ്ച് വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ സംഘം എത്തിച്ചേരും. രോഗികളെ സൗജന്യമായി പരിശോധിച്ച് മരുന്ന് വിതരണം ചെയ്യും.
നൂറോളം സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുള്ളത്. ആയുര്‍വേദ ഔഷധ നിര്‍മാണ കമ്പനികളുടെ സ്റ്റാളുകള്‍ മുതല്‍ മനുഷ്യശരീരത്തിന്റെ ഘടന വിവരിക്കുന്ന എസ്എന്‍ ആയുര്‍വേദ കോളേജിന്റെ അനാട്ടമി സ്റ്റാള്‍ വരെയുണ്ട്. പ്രമേഹരോഗത്തിന്റെ കാരണങ്ങളെയും പരിഹാരത്തെയും വിവരിക്കുന്ന പ്രമേഹ രോഗചികിത്സാ സ്റ്റാള്‍, അപൂര്‍വ ഔഷധസസ്യങ്ങളുടെ പ്രദര്‍ശനവുമായി ആയുര്‍വേദ കോളേജിന്റെ ഫാര്‍മകോഗ്‌നി യൂണിറ്റ്, സിദ്ധ, യൂനാനി എന്നിവയുടെ പ്രചാരണാര്‍ഥമുള്ള സ്റ്റാളുകള്‍, നെഹ്‌റു യുവകേന്ദ്ര, ഐഎസ്ആര്‍ഒ, സേവാഭാരതി, സിഎസ്‌ഐആര്‍എന്‍ഐഐഎസ്ടി, ഗോകുലം മെഡിക്കല്‍ കോളേജ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ആറ്റുകാല്‍ ആശുപത്രി, കുരുക്ഷേത്ര പ്രകാശന്‍ എന്നിവയുടെ സ്റ്റാളുകളും പ്രദര്‍ശനത്തിന് സജ്ജമായിട്ടുണ്ട്.
















