പേരൂര്‍ക്കട: കുടപ്പനക്കുന്ന് എസ്ബിഐക്കു സമീപം ബിവറേജസ് ഔട്ട്‌ലെറ്റ് ആരംഭിക്കാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. ഇന്നലെ രാത്രി 7 മണിക്ക് കുടപ്പനക്കുന്ന് ജംഗ്ഷനില്‍ ലോഡിറക്കാന്‍ ലോറിയെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. എസ്ബിഐയുടെ താഴത്തെ നിലയില്‍ ബിവറേജ് ഔട്ട്‌ലെറ്റ് തുടങ്ങുന്നതിന് കെട്ടിടം എടുത്തിട്ടിരിക്കുകയായിരുന്നു. ഇവിടെയിറക്കുന്നതിനുള്ള ലോഡുമായി വന്ന വാഹനമാണ് നാട്ടുകാര്‍ തടഞ്ഞത്. പേരൂര്‍ക്കട ജംഗ്ഷനു സമീപം ത്രിവേണി സ്റ്റോറിനടുത്ത് പ്രവര്‍ത്തിച്ചുവരുന്ന ബിവറേജ് ഷോപ്പാണ് കുടപ്പനക്കുന്നിലേക്ക് മാറ്റാന്‍ ശ്രമമുണ്ടായത്. ലോഡിറക്കാന്‍ അനുവദിക്കണമെന്നും ഉചിതമായ സ്ഥലം ഏറ്റെടുത്തശേഷം ലോഡ് അവിടേക്ക് മാറ്റാമെന്നും അതുവരെ കുടപ്പനക്കുന്നില്‍ മദ്യവില്‍പ്പന നടത്തില്ലെന്നുമുള്ള അധികൃതരുടെ ഉറപ്പിലാണ് ജനങ്ങളുടെ പ്രതിഷേധസമരം അവസാനിച്ചത്.
















