ന്യൂദല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം ഉണ്ടായിട്ടുള്ള നിക്ഷേപങ്ങളില്‍ 18 ലക്ഷം പേരുടെത് സംശയാസ്പദമെന്ന് ആദായനികുതി വകുപ്പ്. ആദായ നികുതി രേഖകളുമായി യാതൊരു സാമ്യവുമില്ലാത്ത അഞ്ച് ലക്ഷം രൂപയ്‌ക്കു മുകളില്‍ പണം നിക്ഷേപിച്ചവര്‍ക്കാണ് വിശദീകരണം ആവശ്യപ്പെട്ട് ഇ-മെയിലിലൂടെയും എസ്എംഎസിലൂടെയും സന്ദേശം അയച്ചിരിക്കുന്നത്. 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കും.
ആദായനികുതി വകുപ്പ് ഓപ്പറേഷന്‍ ക്ലീന്‍ മണി പദ്ധതി നടപ്പാക്കി. നവംബര്‍ എട്ടിനു ശേഷമുള്ള നിക്ഷേപങ്ങള്‍ ഓപ്പറേഷന്‍ ക്ലീന്‍ മണി/സ്വച്ഛ് ധന്‍ അറിയാന്‍ എന്ന സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെയാണ് പ്രശ്‌നങ്ങളുള്ള നിക്ഷേപകരെ കണ്ടെത്തിയത്. പ്രാഥമികമായ മറുപടികളില്‍ തൃപ്തിയില്ലെങ്കില്‍ ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ പറഞ്ഞു.
പത്ത് ദിവസത്തെ സമയമാണ് നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ടാക്‌സസ് (സിബിഡിടി) ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. ആദ്യഘട്ടത്തില്‍ അഞ്ച് ലക്ഷം നിക്ഷേപം, മൂന്നു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ എന്നിവയാണ് പരിശോധിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ 18 ലക്ഷം പേരാണ് ഇത്തരത്തിലുള്ളതായി കണ്ടെത്തിയത്. രണ്ട് ലക്ഷം നിക്ഷേപത്തിന് മുകളില്‍ ഒരു കോടി അക്കൗണ്ടുകളുള്ളതായും ചന്ദ്ര പറഞ്ഞു.
ആര്‍ക്കും തന്നെ ആദായനികുതി ഓഫീസില്‍ വരേണ്ടതില്ലായെന്നും എല്ലാവര്‍ക്കും ഓണ്‍ലൈനിലൂടെ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും ഇതിന്റെ പേരില്‍ ആരെയും പീഡിപ്പിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു.
കോടികളുടെ ബിനാമി സ്വത്ത് കണ്ടെത്തി: 87 പേര്‍ക്ക് നോട്ടീസ്
ന്യൂദല്‍ഹി: കള്ളപ്പണം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ആദായ നികുതി വകുപ്പ് 87 പേര്‍ക്ക് നോട്ടീസ് അയച്ചു. കോടികള്‍ വിലമതിക്കുന്ന 42 സ്വത്തുവകകള്‍ ബിനാമി നിയമപ്രകാരം കണ്ടുകെട്ടി.
വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍, മില്ലുടമ, ഒരു വിദ്യാഭ്യാസ ട്രസ്റ്റുമായി ബന്ധപ്പെട്ടവര്‍ തുടങ്ങിയവരുടെ ബിനാമി സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ഇതില്‍ മില്ലുടമ കോടികളുടെ കള്ളപ്പണം മില്ലിലെ 780 ജോലിക്കാരുടെ പേരില്‍ അക്കൗണ്ടുകള്‍ തുടങ്ങി അവയില്‍ നിക്ഷേപിച്ചു.
വിദ്യാഭ്യാസ ട്രസ്റ്റിലെ അംഗങ്ങള്‍ 40 ജീവനക്കാരുടെ പേരില്‍ അക്കൗണ്ടുകള്‍ തുടങ്ങി അവയില്‍ രണ്ടും, രണ്ടരയും ലക്ഷം വീതം നിക്ഷേപിച്ചു. ഹരിയാന സ്വദേശിയായ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ വലിയ ഫ്‌ളാറ്റ് അടക്കം നിരവധി സ്വത്തുക്കള്‍ വാരിക്കൂട്ടി. ഇവയും ബിനാമി സ്വത്തു നിയമ പ്രകാരം കണ്ടുകെട്ടി.
















