കൊച്ചി: മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്രയ്‌ക്ക് ഒരുക്കമായി. ഇന്ന് കണ്ണൂര്‍ ജില്ലയിലെ ഇരട്ടി സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്ന് കാല്‍നട തീര്‍ത്ഥയാത്ര ആരംഭിക്കും. 11 ദിവസത്തെ കാല്‍നടതീര്‍ത്ഥയാത്ര ഫെബ്രുവരി 10ന് കബറിങ്കല്‍ എത്തും. തീര്‍ത്ഥയാത്രയോട് അനുബന്ധിച്ച് ഫെബ്രുവരി 3 മുതല്‍ 6 വരെ മലബാര്‍, തൃശ്ശൂര്‍ ഭദ്രാസനങ്ങളിലെ പള്ളികളിലേക്ക് പാത്രിയര്‍ക്കാ പതാക ഘോഷയാത്ര നടക്കും.
ഹൈറേഞ്ച് മേഖലയില്‍ നിന്നും ഫെബ്രുവരി 4നും അങ്കമാലി മേഖലയില്‍ നിന്നും 6നും കരിങ്ങാച്ചിറ, വടക്കന്‍ പറവൂര്‍, മുളന്തുരുത്തി, മണീട്, പിറവം, തൊടുപുഴ, കോട്ടപ്പടി, കുറുപ്പംപടി തുടങ്ങിയ പ്രധാനകേന്ദ്രങ്ങളില്‍ നിന്നും ഫെബ്രുവരി 7നും കാല്‍നട തീര്‍ത്ഥയാത്രകള്‍ ആരംഭിക്കും. 8ന് വൈകിട്ട് മഞ്ഞനിക്കരയില്‍ എത്തും. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, സന്ധ്യാപ്രാര്‍ത്ഥന എന്നിവയ്‌ക്ക് ശേഷം തീര്‍ത്ഥയാത്ര സംഘത്തിന്റെ വാര്‍ഷീകവും നടക്കും. രാത്രിയില്‍ കബറിങ്കല്‍ അഖണ്ഡപ്രാര്‍ത്ഥനയും തുടര്‍ന്ന് ശനിയാഴ്ച രാവിലെ കൂര്‍ബ്ബാനയും നടക്കും. ജര്‍മ്മനി, സിറിയ, ഇറാക്ക് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നും ദല്‍ഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും തീര്‍ത്ഥാടകരെത്തും.
















