പൂനെ: പൂനെ ഇന്‍ഫോസിസ് ഓഫീസിനുള്ളില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ആസാം സ്വദേശിയായ സുരക്ഷ ജീവനക്കാരന്‍ പിടിയില്‍. ബാബന്‍ സൈക്യ എന്നയാളാണ് പിടിയിലായത്. ഇയാള്‍ ഓഫീസിനുള്ളില്‍ കടന്നതിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരമാണ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ കെ. രസീല രാജു(25) മരിച്ചത്. എന്നാല്‍ രാത്രി വൈകിയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഓഫീസിനുള്ളില്‍ കംപ്യൂട്ടര്‍ വയര്‍ കഴുത്തില്‍ മുറുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പൂനെയിലെ ഹിഞ്ചവാടിയില്‍ സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി ഇന്‍ഫോ പാര്‍ക്കിന്റെ ഒമ്പതാം നിലയിലാണ് സംഭവം. സംഭവസമയം രസീലയും രണ്ട് പേരുമടങ്ങുന്ന സംഘം ഓണ്‍ലൈന്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ വൈശാലി ജാദവ് പറഞ്ഞു. രസീലയുടെ മാനേജര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രസീലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
















