ജമ്മു: കശ്മീരില്‍ ഹിമപാതത്തില്‍ അകപ്പെട്ട അഞ്ചു സൈനികരെ രക്ഷപ്പെടുത്തി.മണിക്കൂറുകള്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവില്‍ വൈകിട്ടോടെയാണ് സൈനികരെ രക്ഷപ്പെടുത്തിയത്.
കുപ്‌വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ ശനിയാഴ്ച രാവിലെയാണ് അപകടം .
സൈനിക പോസ്റ്റിന് മുകളിലേക്ക് മഞ്ഞുമല വീഴുകയായിരുന്നു.56 രാഷ്‌ട്രീയ റൈഫിള്‍സിലെ സൈനികരാണ് അപകടത്തില്‍പെട്ടത്. ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി തെരച്ചിലിനെത്തിയവരാണ് പോസ്റ്റിലുണ്ടായിരുന്നത്. മഞ്ഞിനടിയിലകപ്പെട്ട സൈനികരെ രക്ഷിക്കാന്‍ അടിയന്തിര നടപടികളാണ് കൈക്കൊണ്ടതെന്ന് സൈനിക വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു.
നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള ഗുരെസ് സെക്ടറില്‍ സൈനിക ക്യാമ്പിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീണ് കഴിഞ്ഞ ദിവസം 21 സൈനികര്‍ മരിച്ചു.ഏഴു സൈനികരെ ഇവിടെ നിന്നും രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ മഞ്ഞിനടിയില്‍ കുടുങ്ങിയ നിലയിലാണ്. ഇവരെ രക്ഷിക്കാനുള്ള ദൗത്യം തുടരുന്നതിനിടെയാണ് മച്ചില്‍ സെക്ടറില്‍ ദുരന്തമുണ്ടായത്. അപകട മേഖലകളില്‍ താമസിക്കുന്ന ജനങ്ങളെ സൈന്യം ഒഴിപ്പിച്ചിട്ടുണ്ട്.
















