തിരുവനന്തപുരം : ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഗുരുദേവകൃതിയായ ദൈവദശകം പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഗുരുദേവന്റെ പേരില്‍ നമുക്ക് ജാതിയില്ല എന്ന് പരിവേദനം നടത്തിവരുന്ന ദേവസ്വംമന്ത്രി ദൈവദശകം എന്ന പ്രാര്‍ത്ഥനാഗീതത്തെ അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. ശ്രീനാരായണഗുരുദേവന്റെ വാക്കുകള്‍ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനല്ല ആശയങ്ങള്‍ പ്രയോഗികമാക്കാനാണ് സര്‍ക്കാരും ദേവസ്വം മന്ത്രിയും ശ്രമിക്കേണ്ടത്. പരമ്പരാഗത തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ക്ക് ജാതി പരിഗണിക്കാതെ തന്ത്രവിദ്യായും പൂജയും ശാസ്ത്രീയമായി പഠിച്ച് ആചരിക്കുന്ന യോഗ്യരായ എല്ലാ ഹിന്ദുമത വിഭാഗങ്ങളെയും പരിഗണിക്കാന്‍ നിയമസംവിധാനമൊരുക്കണം. ദേവസ്വം ബോര്‍ഡിനുകീഴില്‍ വൈദിക സര്‍വ്വകലാശാല ആരംഭിക്കണമെന്നും പുഞ്ചക്കരി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
















