ആലപ്പുഴ: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തില്‍ സഹകരണസ്ഥാപനങ്ങളില്‍നിന്ന് എടുക്കുന്ന വായ്‌പ തിരിച്ചയ്‌ക്കുന്നുണ്ടോയെന്ന് ജാമ്യക്കാര്‍ ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സഹകരണ ഓംബുഡ്സ്മാന്‍ എ. മോഹന്‍ദാസ്. സിറ്റിങ് നടത്തുകയായിരുന്നു അദ്ദേഹം. വായ്‌പ കുടിശിക വരുന്നതോടെ ജാമ്യം നിന്നവര്‍ക്കെതിരേ നടപടിയുണ്ടാകും. ജാമ്യക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ചാല്‍ പോലും ബാദ്ധ്യത മാറില്ല. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നു. സര്‍വീസ് കാലയളവില്‍ വായ്‌പ തിരിച്ചുപിടിക്കാന്‍ നിയമമുണ്ട്. പക്ഷേ പലപ്പോഴും സ്ഥാപനമേധാവികള്‍ ശമ്പളത്തില്‍നിന്ന് വായ്‌പ ഈടാക്കുന്നതില്‍ വീഴ്ചവരുത്തുന്നു. ഇതുമൂലം വിരമിക്കുമ്പോള്‍ പലര്‍ക്കും ബാദ്ധ്യത രഹിത സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വരുകയും വന്‍ ബാദ്ധ്യതയുണ്ടാകുകയും ചെയ്യുന്നു. അതിനാല്‍ ജാമ്യം നില്‍ക്കുന്നവര്‍ വായ്‌പ തിരിച്ചടയ്‌ക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. നെടുമുടി വില്ലേജ് സഹകരണ ബാങ്കിലിട്ട നിക്ഷേപം ഉടന്‍ നിക്ഷേപകര്‍ക്ക് നല്‍കാന്‍ ഓംബുഡ്സ്മാന്‍ ഉത്തരവിട്ടു. നാലുവര്‍ഷമായി ബാദ്ധ്യത ഒഴിവാക്കി നല്‍കാനായി ഓഫീസ് കയറിയിറങ്ങുന്ന സ്ത്രീക്ക് 15 ദിവസത്തിനകം ബാദ്ധ്യത ഒഴിച്ചു നല്‍കാന്‍ വലിയകുഴി സര്‍വീസ് സഹകരണ ബാങ്കിന് ഓംബുഡ്സ്മാന്‍ നിര്‍ദേശം നല്‍കി. 47 പരാതികള്‍ പരിഗണിച്ചു. 39 എണ്ണം തീര്‍പ്പാക്കി.
















