പള്ളിപ്പുറം: മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പങ്കെടുക്കുന്ന സൗരോര്‍ജ്ജബോട്ട് ഉദ്ഘാടനത്തോടനുബന്ധിച്ച് ബോട്ട് സ്‌റ്റേഷന്റെ മുഖം മിനുക്കാന്‍ ജീവനക്കാരോട് പണപ്പരിവ് നടത്തുന്നതായി ആക്ഷേപം. ബോട്ട് സ്‌റ്റേഷനൊപ്പം പഴയ തടിബോട്ടുകള്‍ പെയിന്റടിച്ച് വൃത്തിയാക്കുക എന്നതുകൂടി ലക്ഷ്യം വച്ചാണ് ഓരോ ജീവനക്കാരനും 200 രൂപ മുതല്‍ നല്‍കണമെന്ന രഹസ്യ നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ സര്‍ക്കാര്‍ ചിലവില്‍ നടത്തേണ്ട ഇത്തരം പ്രവൃത്തികള്‍ക്ക് ജീവനക്കാരോട് പണം പിരിക്കുന്നതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. പല ജീവനക്കാരും പണം നല്‍കിയതുമില്ല.
ഇതിനിടെ പരീക്ഷണ ഓട്ടം നടത്തിയപ്പോള്‍ സൗരോര്‍ജ്ജബോട്ട് ആദിത്യയില്‍ കണ്ടെത്തിയ കുറവുകള്‍ പരിഹരിക്കുന്ന ജോലികള്‍ വെള്ളിയാഴ്ച തുടങ്ങി. 12ന് വൈകിട്ട് വൈക്കത്താണ് സൗരോര്‍ജ്ജബോട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം.മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍.കേന്ദ്രഊര്‍ജ്ജവകുപ്പ്മന്ത്രി പീയൂഷ് ഗോയല്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കും.
മന്ത്രി എ.കെ. ശശീന്ദ്രന്‍ അദ്ധ്യക്ഷതവഹിക്കും. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘാടകസമിതിയും രൂപവത്കരിച്ചു. എംഎല്‍എ സി.കെ. ആശ (ചെയര്‍പേഴ്‌സണ്‍), നഗരസഭാധ്യക്ഷന്‍ അനില്‍ ബിശ്വാസ് (ജനറല്‍ സെക്ര) എന്നിവരാണ് ഭാരവാഹികള്‍.
















