കണ്ണൂര്‍: ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതലായി ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ട്രൈഡി എന്ന പേരില്‍ ജില്ലാ ഭരണകൂടം ആരംഭിച്ച കാംപയിന്റെ ഉദ്ഘാടനം ഇന്നലെ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ഒരു വ്യക്തിയുടെ ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നീ മൂന്ന് ഐഡികളും പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് അര്‍ഹനാക്കുകയെന്നതാണ് കാംപയിന്റെ പ്രധാന ലക്ഷ്യം.
ഇതോടൊപ്പം ഇതുവരെ ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ലാത്തവര്‍ക്ക് അത് എടുക്കുവാനും ആധാറില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താനും പുതുതായി ബാങ്ക് അക്കൗണ്ട് തുടങ്ങാനും ട്രൈഡിയില്‍ സൗകര്യമുണ്ടായിരിക്കും. സംസ്ഥാനത്താദ്യമായി വിരലടയാളം ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ ഉപകരണം ചടങ്ങില്‍ വച്ച് ഉദ്ഘാടനം ചെയ്തു.
ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി, ബാങ്കുകള്‍, അക്ഷയ കണ്ണൂര്‍, നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് കാംപയിന്‍ നടപ്പാക്കുന്നത്. എന്‍എസ്എസ്, അസാപ്പ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെയായിരിക്കും കാംപയിന്‍ സംഘടിപ്പിക്കുക.
















