കണ്ണൂര്‍: സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ജില്ലയില്‍ നിന്ന് ഹജ്ജിന് പോകുന്നവര്‍ക്കായുള്ള അപേക്ഷ ഫോറം വിതരണം ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ കുറുവ സ്വദേശി അബ്ദുള്‍ അസീസിന് നല്‍കിയാണ് ഫോംവിതരണത്തിന് തുടക്കം കുറിച്ചത്. അസിസ്റ്റന്റ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, എഡി.എം മുഹമ്മദ് യൂസഫ്, ന്യൂനപക്ഷക്ഷേമവകുപ്പ് ജൂനിയര്‍ സൂപ്രണ്ട് ശിവപ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. 700 ലധികം ആളുകളാണ് ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഇത്തവണ ജില്ലയില്‍ നിന്ന് അപേക്ഷ സമര്‍പ്പിക്കാനിരിക്കുന്നത്. അപേക്ഷകര്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരായി അപേക്ഷ കൈപ്പറ്റണം. ഹജ്ജ് കമ്മറ്റി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 24 ആണ്.
















