പയ്യന്നൂര്‍: കരിവെള്ളൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി മഹോത്സവ കമ്മിറ്റി പുറത്തിറക്കുന്ന തിരുമംഗല്യം ഓഡിയോ സിഡി പ്രകാശനത്തിനൊരുങ്ങുന്നു. ഭുവനേശ്വരിയായ മുച്ചിലോട്ടമ്മയുടെ അപദാനങ്ങള്‍ വര്‍ണിക്കുന്ന പത്ത് ഗാനങ്ങളുടെ സമാഹാരമാണ് ഈ കലാസൃഷ്ടി. ഡോ.ആര്‍.സി.കരിപ്പത്ത്, എന്‍.ജയപ്രകാശ്, മധു വി മാടായി, രന്‍ജിത്ത് പെരളം, ബൈജു കാങ്കോല്‍, സതി കൊടക്കാട് എന്നിവരുടെ രചനകള്‍ക്ക് പ്രശസ്ത സംഗീതജ്ഞരായ ഗംഗന്‍ കരിവെള്ളൂര്‍, രാജേഷ് തൃക്കരിപ്പൂര്‍, പ്രമോദ് പി.നായര്‍ കാഞ്ഞങ്ങാട് എന്നിവര്‍ ഈണം പകര്‍ന്നു. പ്രശസ്ത സിനിമാ പിന്നണി ഗായകരായ എം.ജി.ശ്രീകുമാര്‍, സിത്താര, ഗണേഷ് സുന്ദരം, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം നിഖില്‍ രാജ്, ചെങ്ങന്നൂര്‍ ശ്രീകുമാര്‍ എന്നിവരോടൊപ്പം കലേഷ് കരുണാകരനും, അനാമിക രവീന്ദ്രനും ഗാനങ്ങളാലപിക്കുന്നു. ഓര്‍ക്കസ്‌ട്രേഷന്‍ റെക്കാര്‍ഡിങ്ങ് മിക്‌സിംഗ് തുടങ്ങിയവ സുദര്‍ശന്‍ പീപ്പിള്‍സ് ഡിജിറ്റല്‍ സ്റ്റുഡിയോ കൈകാര്യം ചെയ്യുന്നു. ഒരുകൂട്ടം കലാകാരന്മാരുടെ കൂട്ടായ്‌മയില്‍ രൂപം കൊണ്ട ഈ ഗാനോപഹാരം 5ന് ക്ഷേത്ര പരിസരത്ത് വെച്ച് പ്രകാശനം ചെയ്യും.
















