കണ്ണൂര്‍: എന്‍സിസി ക്ലിനിക്കുകളിലൂടെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഫാര്‍മസിസ്റ്റുകള്‍ മാത്രം കൈകാര്യം ചെയ്യേണ്ട മരുന്നുകള്‍ യോഗ്യതയില്ലാത്തവരിലൂടെ വിതരണം ചെയ്യാനുള്ള നടപടി പിന്‍വലിക്കണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഉണ്ടായിട്ടുപോലും സര്‍ക്കാര്‍ ഇതിന് കൂട്ടുനില്‍ക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് യോഗം കുറ്റപ്പെടുത്തി.
കെപിപിഎ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാര്‍മസിസ്റ്റ്‌സ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റിന്യൂവലും തൊഴില്‍ നിയമ ബോധവത്കരണ ക്ലാസും നടന്നു. ജില്ലാ പ്രസിഡണ്ട് കെ.ഭാര്‍ഗ്ഗവന്റെ അധ്യക്ഷതയില്‍ ഫാര്‍മസി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ടി.പി.രാജീവന്‍ ഉദ്ഘാടനം ചെയ്തു. പി.പി.അനില്‍ കുമാര്‍, പി.വി.പ്രഭാകരന്‍, മുസ്തഫ കീത്തേടത്ത്, കെ.പി.പ്രവീണന്‍, സീന സുകുമാരന്‍, സാജിദ ഷജീര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ ബേബി കാസ്‌ട്രോ തൊഴില്‍ നിയമ ബോധവത്കരണ ക്ലാസ് നടത്തി.
















