ആര്‍. പ്രസന്നകുമാര്‍
തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷന്‍
പിറന്നുവീണ സ്വന്തം കുട്ടിയെ വളര്‍ത്താനൊരിടം തേടി അര്‍ദ്ധരാത്രിയിലെ പേമഴയത്ത് വിവശനായി നടക്കുന്ന ഒരച്ഛന്റെ ചിത്രം ശ്രീകൃഷ്ണകഥയിലുണ്ട്. വിഹ്വലമായ ആ യാത്ര ചെന്നെത്തുന്നത് നന്ദഗോപരുടെ വീട്ടിലാണ്. അവിടെ സുരക്ഷിതബാല്യം താരും തളിരുമണിഞ്ഞ് വിശ്വമാനവനായി വളര്‍ന്നു. കേരളബാല്യത്തിന് താങ്ങും തണലുമൊരുക്കി അവരെ നാട്ടുനന്മകളിലൂടെ നടത്തി വളര്‍ത്തിയ നന്ദഗോപരാണ് എംഎ സാര്‍.
ധൂസര സങ്കല്‍പങ്ങളും യന്ത്രവത്കൃതലോകങ്ങളും കേരളഭൂമിയെ കരാളമാക്കിയപ്പോള്‍ കൂരിരുളില്‍ കൈത്തിരിനാളങ്ങള്‍ പോലെ അമ്പാടിത്തുരുത്തുകള്‍ സൃഷ്ടിച്ച് എംഎ സാര്‍ കുട്ടികളുടെ വളര്‍ത്തച്ഛനായി. അദ്ദേഹം ആരംഭിച്ച ബാലഗോകുലമെന്ന തീര്‍ത്ഥപ്രവാഹത്തിന്റെ സ്പര്‍ശമനുഭവിക്കാത്ത ഒരു കുട്ടിപോലും ഇന്ന് കേരളത്തിലുണ്ടാവില്ല.
‘മനസിലുണ്ടാവട്ടെ, ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും’
വിഷുക്കണിയില്‍ വൈലോപ്പിള്ളി മനസ്സില്‍ കണ്ട സ്വപ്‌നം എംഎ സാര്‍ മണ്ണില്‍ സാക്ഷാത്കരിച്ചു.
കുറുമൊഴിക്കവിതകളില്‍ ദാര്‍ശനികവ്യഥകളെഴുതി നടന്നിരുന്ന കുഞ്ഞുണ്ണിമാഷിനെ കുട്ടികളുടെ സാന്ദീപനിയാക്കിയത് എംഎ സാറാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മഹാകവിയെ തപസ്യയുടെ അധ്യക്ഷസ്ഥാനത്തെത്തിച്ചതും എംഎ സാറിന്റെ നിരുപാധികമായ സ്‌നേഹബലമാണ്. മഹാനായ വി.ടി.യും അധൃഷ്യനായ കുട്ടികൃഷ്ണമാരാരും എന്‍.എന്‍. കക്കാടും എസ്. രമേശന്‍ നായരും ഈ സ്‌നേഹവായ്‌പിന് വിധേയരായ കഥകളോര്‍ക്കുമ്പോള്‍ എംഎ സാറിന്റെ സ്‌നേഹസംഭാഷണങ്ങളുടെ കരുത്ത് ബോധ്യമാവും. എല്ലാവരെയും തന്നിലേക്ക് ആകര്‍ഷിക്കുന്നവന്‍ എന്നാണല്ലോ കൃഷ്ണശബ്ദത്തിന്റെ പൊരുള്‍. ഒരിക്കലെങ്കിലും ആ സാമീപ്യം അനുഭവിച്ചിട്ടുള്ളവര്‍ ആ ഗുരുത്വാകര്‍ണത്തിന് വിധേയരായിക്കഴിഞ്ഞിരിക്കും.
ബാലഗോകുലവും തപസ്യയും എംഎ സാര്‍ ജന്മം നല്‍കിയ ഇരട്ട സംഘടനകളാണ്. ഇവ രണ്ടും ഇന്ന് അഞ്ച് പതിറ്റാണ്ടു കടന്ന് വിശ്വവ്യാപിയായിക്കൊണ്ടിരിക്കുന്നു. ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇന്ത്യന്‍ നോളജ് സിസ്റ്റത്തിന്റെ ആദ്യമാതൃകയായ അമൃതഭാരതി വിദ്യാപീഠം ആ വലിയ ദീര്‍ഘവീക്ഷണത്തിന്റെ സദ്ഫലമാണ്. നാഗരികബാല്യങ്ങള്‍ക്ക് പാരമ്പര്യസംസ്‌കൃതി പകര്‍ന്ന് നല്‍കാന്‍ സ്ഥാപിച്ച ബാലസംസ്‌കാരകേന്ദ്രങ്ങളും കുട്ടികള്‍ക്ക് വായിച്ചു വളരാന്‍ നല്ല പുസ്തകങ്ങള്‍ തയാറാക്കുന്ന ബാലസാഹിതീ പ്രകാശനും മയില്‍പ്പീലി ബാലമാസികയും അദ്ദേഹത്തിന്റെ മാനസ സന്താനങ്ങളാണ്. ഭാഷയിലും കലയിലും കേരളത്തനിമയുടെ സംസ്‌കാരം നിലനില്‍ക്കണം. മാതൃഭാഷ ഉപയോഗിക്കുന്നത് മാന്യതയുടെ ഭാഗമാവണം. ഭാഗവതത്തിലെ വൃന്ദാവനഗ്രാമം കേരളത്തിലെ കുട്ടികള്‍ക്കു നേരിട്ടു കാണാന്‍ അന്താരാഷ്‌ട്രശ്രീകൃഷ്ണ കേന്ദ്രം എന്ന ആദര്‍ശമാതൃക കൊടകരയിലെ കനകമലയില്‍ ഉയര്‍ന്നുവരണം. കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയുള്ള അവിഭക്തകേരളം യാഥാര്‍ത്ഥ്യമാവണം. എളമക്കര മാധവനിവാസിലെ ചെറിയ മുറിയിലെ കിടക്കയിലിരുന്ന് എംഎ സാര്‍ കാണുന്ന സാംസ്‌കാരിക സ്വപ്‌നങ്ങള്‍ക്ക് സഹ്യനേക്കാള്‍ തലപ്പൊക്കമുണ്ട്.
കേരളം കണ്ട ഏറ്റവും സൗമ്യനായ മനുഷ്യന്‍. ചിന്തകളുടെ ഓരോ അണുവിലും ഈ നാടിന്റെ നന്മ തുടിച്ചുനിന്ന ദേശസ്‌നേഹി. വിയോജിക്കുന്നവരോടും ഹൃദയം തുറന്നു സംവദിക്കുന്ന അജാതശത്രു. ഒരു പുഞ്ചിരിയില്‍, ഒരു നോട്ടത്തില്‍, ഒരു കുശലപ്രശ്‌നത്തില്‍ പ്രവര്‍ത്തകരുടെ മഹാസങ്കടങ്ങള്‍ അലിയിച്ചു കളയുന്ന വാത്സല്യമൂര്‍ത്തി. ചെറിയ കര്‍മ്മങ്ങളിലൂടെ വലിയ സ്വപ്‌നങ്ങളിലേക്കു നയിച്ച ദീര്‍ഘദര്‍ശി. വായിച്ചും ചിന്തിച്ചും എഴുതിയും സംസാരിച്ചും ജീവിതം പ്രഭാമയമാക്കിയ ജ്ഞാനതാപസന്‍. എന്താണ് സംഘം എന്ന ചോദ്യത്തിന് സ്വന്തം ജീവിതം കൊണ്ട് സരളമായ ഉത്തരമെഴുതിവച്ച സ്വയംസേവകന്‍. എംഎ സാര്‍ എന്ന നാമം മാത്രം മതി ഏതിരുട്ടിലും ഞങ്ങള്‍ക്കു ധീരമായി നടക്കാന്‍. അദ്ദേഹം അവിടെ ഉണ്ട് എന്ന ഒരു ബലം മാത്രം മതി ഏതു സാഗരവും നിഷ്പ്രയാസം താണ്ടാന്‍. ആ ബലം, ആ സ്‌നേഹം, ആ വിശ്വാസം അതിനിയില്ല എന്നത് ഒരിക്കലും ഉള്‍ക്കൊള്ളാനാവുന്നില്ല. സ്വജീവിതം കൃഷ്ണാര്‍പ്പണമാക്കിയ യുഗപുരുഷന് സാഷ്ടാംഗപ്രണാമം.
















