നെയ്യാറ്റിന്‍കര: ബിജെപി ജില്ലാ പ്രസിഡന്റിന് നേരെ യൂത്ത്‌കോണ്‍ഗ്രസ് അതിക്രമം. തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജുവിന് നേരെയാണ് ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ ഗുരുതമായി പരിക്കേറ്റ ബിജു നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാവിലെ 11.30 ഓടെ ബാലരാമപുരം വഴിമുക്കിനടുത്തെ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങി മൂന്നുകല്ലിന്‍മൂടിലെ പാര്‍ട്ടി ഓഫീസിലേക്ക് പോകുംവഴി മുക്കംപാലമൂട് ബിജു, ബിജെപി നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്റ് ഇരുമ്പില്‍ രാജീവ്, ജനറല്‍ സെക്രട്ടറി അരുണ്‍ സരയു, ജില്ലാ ട്രഷറര്‍ മധു എന്നിവര്‍ സഞ്ചരിച്ച വാഹനം പത്താംകല്ലില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിനീത്, കൊല്ലയില്‍ ശ്യാംലാല്‍, സുജിന്‍ പഴയ ഉച്ചക്കട, ജിന്‍സന്‍ കാക്കറവിള തുടങ്ങി പത്തുപേരടങ്ങുന്ന നേതാക്കന്‍മാര്‍ ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന്റെ മുന്‍വശത്തെ ഗ്ലാസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. പിന്നീട് കാറും പൂര്‍ണമായും തകര്‍ക്കുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ ബിജെപി നേതാക്കള്‍ക്ക് നേരെ അസഭ്യവര്‍ഷത്തോടെ പാഞ്ഞടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിലിരുന്നവരെ ആക്രമിക്കാനുള്ള ശ്രമം നടത്തി. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു പുറത്തിറങ്ങി. ഇതോടെ യൂത്ത് കോണ്‍ഗ്രസ് സംഘം ബിജുവിന് നേരേ കൈയേറ്റം ആരംഭിച്ചു. ആക്രമണത്തില്‍ ഇടത് കൈയുടെ തോള്‍ ഇളകി, നെഞ്ചില്‍ ഗുരുതരമായി മുറിവേറ്റു, ഇദ്ദേഹത്തിന്റെ വസ്ത്രം വലിച്ചുകീറി. ഒപ്പമുണ്ടായിരുന്ന ബിജെപി നേതാക്കള്‍ കൈയേറ്റം തടയാന്‍ ശ്രമിച്ചെങ്കിലും കൂട്ടം ചേര്‍ന്ന് മാരകമായി ആക്രമിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും മര്‍ദ്ദിക്കാന്‍ ഒത്താശ ചെയ്തതെന്നും നേതാക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ബിജുവിനെ ആശുപത്രിയിലേക്ക് മാറ്റി. കൈക്കുള്ള പരിക്ക് സാരമായതിനാല്‍ ബിജു ആശുപത്രിയില്‍ തുടരുകയാണ്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.












